ambala
ചെളിക്കുണ്ടായി മാറിയ തകഴി പഞ്ചായത്ത് മൂന്നാം വാർഡ് വാലയിൽ-ചക്കമ്പുറം റോഡ്

അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ

അമ്പലപ്പുഴ: തകഴി പഞ്ചായത്ത് മൂന്നാം വാർഡ് കുറുങ്ങാട് മുതൽ വാലയിൽ - ചക്കംമ്പുറം വരെയുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ.റോഡ് ഈ അവസ്ഥയിലായിട്ട് വർഷങ്ങളായി.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് റോഡ് ചെളിക്കുണ്ടായതോടെ കാൽനട യാത്രപോലും പറ്റാത്ത സ്ഥിതിയാണുള്ളത്.

രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴികളിലും വെളളക്കെട്ടിലും അപകടത്തിൽ പ്പെടുന്നത് പതിവായി . റോഡിന്റെ ഇരുവശങ്ങളിലും തോടും പാടശേഖരങ്ങളുമായതിനാൽ അപകടസാദ്ധ്യത ഏറെയാണ്.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 5 ലക്ഷം രൂപ മുടക്കി അങ്കണവാടി മുതൽ കുറുങ്ങാട് വരെ കോൺക്രീറ്റ് റോഡ് നിർമ്മിച്ചിരുന്നു. കുറുക്കാട് മുതൽ ചക്കമ്പുറം വരെ കോൺക്രീറ്റ് റോഡിന് വേണ്ടി 5 ലക്ഷം രൂപ അനുവദിച്ചെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും, ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.റോഡ് നിർമ്മാണം നീളുകയാണെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം .