പൂച്ചാക്കൽ : പൂച്ചാക്കൽ തെക്കേക്കരയിലെ പൊതു മാർക്കറ്റിലെ മാലിന്യം സംസ്കരിക്കാനും സംഭരിക്കാനുമായി നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയ്റോബിക് സംവിധാനം നോക്കുകുത്തിയായിട്ട് രണ്ടു വർഷം കഴിഞ്ഞു. മാർക്കറ്റിലെ മത്സ്യ,മാംസ,പച്ചക്കറി മാലിന്യങ്ങൾ പൂച്ചാക്കൽ തോട്ടിലേക്കും പരിസര പ്രദേശങ്ങളിലേക്കും തള്ളുന്നത് ഒഴിവാക്കാനാണ് രണ്ടു വർഷം മുമ്പ് ഒരു ലക്ഷം രൂപ മുടക്കി എയ്റോബിക് സംവിധാനം സ്ഥാപിച്ചത്. എന്നാൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കാൻ അധികൃതർക്ക് താത്പര്യമില്ല.
നിരവധി പച്ചക്കറി മൊത്തവ്യാപാരശാലകളും ചിക്കൻ സ്റ്റാളുകളും പ്രവർത്തിക്കുന്ന ചന്തയാണിത്. മാലിന്യ സംഭരണത്തിനും സംസ്കാരണത്തിനും വേണ്ടി നിരവധി പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും ഏറ്റവും കൂടുതൽ മാലിന്യം ദിനംപ്രതി ഉണ്ടാകുന്ന പൊതു മാർക്കറ്റിൽ നിലവിലുള്ള സൗകര്യം വിനിയോഗിക്കാത്തത് പ്രതിഷേധാർഹമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പൂച്ചാക്കൽ മേഖലാ പ്രസിഡന്റ് ടി.ഡി.പ്രകാശൻ, സെക്രട്ടറി അബ്ദുൾ ഗഫൂർ എന്നിവർ പറഞ്ഞു.