s
കക്ക

ചേർത്തല: കക്ക നീ​റ്റുന്ന ഫാക്ടറി ജനവാസ മേഖലയിൽ ആരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി.ചാരമഗംലം സംസ്കൃത സ്കൂളിന് കിഴക്ക് മുഹമ്മ ഗ്രാമ പഞ്ചായത്ത് 3, 4 വാർഡ് അതിർത്തിയിലെ കായിപ്പുറം കുടിലി കവലയ്ക്ക് സമീപത്താണ് സ്വകാര്യ വ്യക്തി കക്ക നീറ്റുന്നതിനുള്ള ചൂള നിർമ്മിക്കുന്നത്. പൗരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

കേരള സർവകലാശാല സ്​റ്റഡി സെന്റർ,ഗവ.സംസ്‌കൃത ഹൈസ്‌കൂൾ,കായിപ്പുറം സി.എം. എസ് എൽ.പി സ്‌കൂൾ, അങ്കണവാടി, സന്മാർഗ സന്ദായിനി മഹാവിഷ്ണുക്ഷേത്രം എന്നിവ ഇതിന് സമീപത്താണുള്ളത്. കക്കാചൂളയുടെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം മുഹമ്മ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഡി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയർമാൻ പ്രൊഫ. പി.എ.കൃഷ്ണപ്പൻ അദ്ധ്യക്ഷനായി.ബി.ജെ.പി മുഹമ്മ പഞ്ചായത്ത് കമ്മി​റ്റി പ്രസിഡന്റ് ടി.എസ്.അനിൽ കുമാർ,വിജയലാൽ,എം.കെ. പ്രസന്നൻ,റിട്ട. ചീഫ് എൻജിനിയർ എം.പെണ്ണമ്മ, പി.എം.ഗീതാമണി എന്നിവർ സംസാരിച്ചു. പൗരസമിതി കൺവീനർ കെ.ആർ.പ്രതാപൻ സ്വാഗതവും എം.ആർ.രജീഷ് നന്ദിയും പറഞ്ഞു.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുകൂട്ടരേയും വിളിച്ച് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ശക്തമായ ജനപ്രക്ഷോഭത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് പഞ്ചായത്തധികൃതർ അറിയിച്ചതായാണ് വിവരം.

ആരോഗ്യ പ്രശ്നങ്ങളുണ്ടാകും

1.ചൂളയിൽ നിന്ന് പുറപ്പെടുന്ന ദുർഗന്ധം നിറഞ്ഞ പുക വായു മലിനപ്പെടുത്തും

2.ശ്വാസകോശ രോഗങ്ങൾ ഉള്ളവർ പ്രദേശം വിടേണ്ടിവരും.

3.പൊടിപടലങ്ങൾ വ്യാപിക്കുന്നത് വൃക്ഷലതാദികളുടെ നാശത്തിനും കാരണമാകും. 4.പൊടിപടലങ്ങളിൽ 40 ശതമാനവും വൃക്ഷങ്ങളുടെഇലകളിൽ പറ്റിപ്പിടിക്കും

5.ഇതോടെ ഇവയുടെ ആഹാര ഉത്പാദനവും പ്രജനനവും നടക്കാതെയാകും

6.ചൂളയിൽ നിന്ന് പുറന്തള്ളുന്ന മലിന ജലം കുടിവെള്ള സ്രോതസുകളെ മലിനമാക്കും

കക്ക നീറ്റുന്ന ചൂള ജനവാസകേന്ദ്രങ്ങളിൽ ആരംഭിച്ചാൽ അത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. കുട്ടികളേയും പ്രായമായവരേയും ഒരു പോലെ ബാധിക്കും. സമീപ പഞ്ചായത്തിലെ ചൂളകൾ ജനവാസ കേന്ദ്രമല്ലാത്ത കായലോരത്താണ് പ്രവർത്തിക്കുന്നത്.

-സി.ഡി.വിശ്വനാഥൻ

പഞ്ചായത്ത് അംഗം

ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന കക്കാ ചൂള ജനവാസ കേന്ദ്രത്തിൽ ആരംഭിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധ സമരവുമായി മുന്നാട്ട് പോകും.

-കെ.ആർ.പ്രതാപൻ

കൺവീനർ, പൗരസമിതി.