ഹരിപ്പാട് : അക്കൗണ്ട് ഉടമയറിയാതെ പണം കൈമാറിയെന്ന പരാതിയിൽ ബാങ്ക് പതിനായിരം രൂപ നഷ്ടപരിഹാരവും കോടതിച്ചിലവും നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്. കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശി പി ദിനുമോന്റെ പരാതിയിലാണ് നടപടി.
പരാതിക്കാരന്റെ പേരിൽ യൂണിയൻ ബാങ്കിന്റെ കാർത്തികപ്പള്ളി ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്ന് അനുവാദമില്ലാതെ മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റിയതാണ് പരാതിക്കാധാരം. തന്റെ അക്കൗണ്ടിൽ നിന്ന് പണം കാണാതായ വിവരം അന്വേഷിക്കാൻ ദിനുമോൻ ബാങ്കിൽ എത്തിയപ്പോൾ 6 മാസം മുൻപ് ക്ലറിക്കൽ പിശക് മൂലം തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. തന്നോട് മോശമായി പെരുമാറിയെന്നും ദിനുമോൻ പറഞ്ഞു. തുടർന്നാണ് ആലപ്പുഴ ഉപഭോക്തൃതർക്കപരിഹാര ഫോറത്തിനെ സമീപിച്ചത്. പരാതിക്കാരന് നഷ്ടപരിഹാരമായി പതിനായിരം രൂപയും കോടതി ചെലവുകൾക്കായി രണ്ടായിരം രൂപയും യൂണിയൻ ബാങ്കും ബ്രാഞ്ച് മാനേജരും നൽകണമെന്നാണ് ഉത്തരവ്.