മാവേലിക്കര: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ പ്രഖ്യാപിച്ച കോ-ഓപ്പ് മാർട് ജില്ലയിൽ ഭരണിക്കാവ് സഹകരണ ബാങ്കിന് സർക്കാർ അനുവദിച്ചു. ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൊപ്രാപ്പുര ജംഗ്ഷനിൽ 8ന് കോ ഓപ് മാർട്ട് ആരംഭിക്കും. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ.യു.പ്രതിഭ എം.എൽ.എ ആദ്യ വിൽപന നടത്തും.

നാടൻ പച്ചക്കറികളും പഴവർഗങ്ങളും മറ്റ് കാർഷിക ഉൽപന്നങ്ങളുമാണ്കോ ഓപ്പ് മാർട്ടിൽ വിൽപന നടത്തുന്നത്. കർഷകർക്ക് അവരവരുടെ ഉൽപ്പന്നങ്ങൾ ഇവിടെ വിൽക്കാനും അവസരം ലഭിക്കും. കണ്ണൂർ ദിനേശ് സഹകരണ സംഘത്തിന്റെ അമ്പതോളം ഉത്പന്നങ്ങൾ, ഇടുക്കി തങ്കമണി സഹകരണ സംഘത്തിന്റെ തേയില ഉത്പന്നങ്ങൾ, വിവിധ സഹകരണസംഘങ്ങളുടെ നാടൻ വെളിച്ചെണ്ണ, മറയൂർ ശർക്കര, നീണ്ടൂർ നാടൻ അരി, പൊക്കാളി അരി, ചക്കിലാട്ടിയ വിവിധ തരം എണ്ണകൾ, മിൽമയുടെ ഉത്പന്നങ്ങൾ, കാഷ്യൂ കോർപ്പറേഷൻ, അമൂൽ, റബ്കോ എന്നിവയുടെ വിവിധ ഉത്പന്നങ്ങൾ,
മുളയരി, ചോളപ്പൊടി, ശുദ്ധമായ തേൻ, നാടൻ ശർക്കര,ശുദ്ധമായ തേങ്ങാപ്പാൽ, കോക്കനട്ട് ചിപ്സ്, മീറ്റ് മസാല, ഫിഷ് മസാല, ഓണാട്ടുകര എള്ള്, ഞവരയരി, തവിടുകളയാത്ത അരിപ്പൊടി, കാർഷിക ഉപകരണങ്ങൾ, ജൈവവളങ്ങൾ, കുരുമുളക്, ഗ്രാമ്പു, ഏലം, കാട്ടുതേൻ, ജൽ ജീര, പനംചക്കര, രാസവസ്തുക്കൾ ചേർക്കാത്ത കൺമഷി തുടങ്ങിയയും ഇവിടെ ലഭിക്കും.