മാവേലിക്കര: പുതിയകാവിന് സമീപത്തുള്ള വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫിസിലും ഇൻഫന്റ് ജീസസ് സ്കൂളിലും മോഷണം നടന്നു. വാട്ടർ അതോറിറ്റി ഓഫിസിൽ നിന്നു 650 രൂപയും സ്കൂളിൽ നിന്നു 80,000 രൂപയും നഷ്ടപ്പെട്ടു. വാട്ടർ അതോറിറ്റി ഓഫിസിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ മേശയും അലമാരകളും കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ടു. അലമാരയ്ക്കുള്ളിൽ ഉണ്ടായിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടത്. ലോക്കർ ഉണ്ടായിരുന്നെങ്കിലും അത് തുറന്നിട്ടില്ല. ഇൻഫന്റ് ജീസസ് സ്കൂളിൽ അകത്തു കടന്ന മോഷ്ടാക്കൾ സ്കൂൾ ചാപ്പൽ, ഓഫീസ് എന്നിവയുടെ വാതിലുകൾ കുത്തിത്തുറന്നു. ഓഫീസിനുള്ളിൽ മേശയിൽ സൂക്ഷിച്ചിരുന്ന രൂപയാണ് മോഷ്ടിച്ചത്. അലമാരകൾ കുത്തിത്തുറന്നു സാധനങ്ങൾ വലിച്ചുവാരിയിട്ടിരിക്കുകയാണ്.