ആലപ്പുഴ: കുട്ടനാടൻ പാടങ്ങളിൽ പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 15ന് ശേഷം വിതയിറക്കാനാണ് തീരുമാനം. പുഞ്ചകൃഷിക്കാണ് ജില്ലയിൽ എല്ലാ പടശേഖരങ്ങളിലും കൃഷിയിറക്കുന്നത്. വെള്ളം കയറ്റിയിട്ടതിനെ തുടർന്ന് അടിഞ്ഞ പോളയും പുല്ലും നീക്കം ചെയ്യുന്ന ജോലികളാണ് ഒട്ടുമിക്ക പാടശേഖരങ്ങളിലും നടക്കുന്നത്.
ചില പാടശേഖരങ്ങളിൽ പമ്പിംഗ് ആരംഭിച്ചു. എന്നാൽ മഴ കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. മഴ തുടരുന്നതിനാൽ പമ്പിംഗ് നിറുത്തിവച്ച പാടശേഖര സമിതികളും കുട്ടനാട്ടിലുണ്ട്. രണ്ടാം കൃഷിയുടെ വിളവെടുപ്പ് നടന്ന പാടങ്ങളിലെ നെല്ല് സംഭരണം തുടരുകയാണ്.
തുലാമഴ നേരത്തേയെത്തിയാൽ വിതയിറക്ക് വീണ്ടും താമസിച്ചേക്കും. ഒക്ടോബർ അവസാനമോ നവംബർ ആദ്യവാരമോ വിത നടത്താനാകുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. തുലാമഴ ശക്തിപ്പെട്ട് വെള്ളപ്പൊക്കമുണ്ടായാൽ പ്രതിരോധിക്കാൻ മിക്ക പാടങ്ങളുടെയും പുറംബണ്ട് ശക്തമല്ല. പുറം ബണ്ട് ബലപ്പെടുത്താൻ കർഷകർക്ക് വൻതുകയാണ് ചെലവാകുന്നത്.
ചെലവ് കൂടുതൽ
കൃഷിയുടെ തുടക്കത്തിൽ തന്നെ കാർഷിക ചെലവ് വർദ്ധിച്ചു. മിക്ക പാടങ്ങളിലും കാക്കപോളയും പുല്ലും തഴച്ചുവളർന്ന് കിടക്കുകയാണ്. ഒരേക്കറിൽ പത്തോളം പുരുഷ തൊഴിലാളികളെ ഇറക്കിയാൽ മാത്രമേ പോളയും പുല്ലും നീക്കം ചെയ്യാനാകൂ. പ്രതിദിനം ഒരു തൊഴിലാളിക്ക് 900 രൂപയാണ് കൂലിയായി നൽകേണ്ടത്.
''
കുട്ടനാട്ടിൽ ഭൂരിഭാഗം പാടശേഖരങ്ങളിലും പുഞ്ചക്കൃഷി ഇറക്കുന്നുണ്ട്. രണ്ടാംകൃഷി കുറവാണ്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും രണ്ടാം കൃഷി ചെയ്യാത്ത പാടങ്ങളും കൃഷി ഒരുക്കങ്ങൾ തുടങ്ങി. മഴ ശക്തിപ്രാപിച്ചാൽ വിതയിറക്കൽ താമസിക്കും.
സുനിൽ, പ്രസിഡന്റ്,
കുപ്പപ്പുറം പാടശേഖര സമിതി