ആലപ്പുഴ: ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും നാരകത്ര, കൂട്ടംകൈത, മണികണ്ഠൻ ചിറ , പുളിക്കീഴ്, തൃക്കുന്നപ്പുഴ വഴി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ:ആർ.സജിലാൽ ഗതാഗത മന്ത്രി അഡ്വ:ആന്റണി രാജുവിന് നിവേദനം നൽകി. ഈ റൂട്ടിൽ നൂറുകണക്കിന് ആളുകൾ ദൈനം ദിനം ഗതാഗതത്തിന് ആശ്രയിച്ചു വന്നിരുന്നത് ബസ് സർവീസ് ആയിരുന്നു. നേരത്തേ ഉണ്ടായിരുന്ന പ്രൈവറ്റ് ബസ് സർവീസ് കൂടി ഇപ്പോൾ ഇല്ലാതായതോട് പ്രദേശത്തെ ജനങ്ങൾ വലിയ യാത്രാ ക്ലേശം നേരിടുകയാണ്. ഹരിപ്പാട് ഡിപ്പോയിൽ നിന്നും ഒരു ഓർഡിനറി സർവീസ് ആരംഭിച്ചാൽ ഇതിന് പരിഹാരമാകും. കൂടാതെ ഹരിപ്പാട് നിന്നും കളമശേരി മെഡിക്കൽ കോളേജിലേക്ക് ഫാസ്റ്റ് പാസഞ്ചർ ബസ് സർവ്വീസ് തുടങ്ങണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.