അമ്പലപ്പുഴ: ടൂറിസം മേഖലയിൽ നൂതന പദ്ധതികൾ ആവിഷ്‌കരിച്ച്, കൊവിഡ് തീർത്ത പ്രതിസന്ധി മറികടക്കുമെന്ന് ടൂറിസം മന്ത്രി പി .എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിൽ എച്ച്. സലാം എം. എൽ .എ യുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കൊവിഡിനൊപ്പമാണ് ടൂറിസം മേഖല ഇപ്പോൾ മുമ്പോട്ടു പോകുന്നത്. പ്രതിസന്ധിയെ അതിജീവിക്കും എന്ന ആത്മവിശ്വാസം ഉണ്ടാക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. സുരക്ഷിത കേരളം സുരക്ഷിത ടൂറിസം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ രൂപം നൽകി.നൂറു ശതമാനം വാക്സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക പദ്ധതി നടപ്പാക്കി.പുതിയ മേഖലകളിലേക്ക് ടൂറിസത്തെ വളർത്തുന്നതിന് കാരവൻ ടൂറിസം പോലെയുള്ള നൂതന പദ്ധതികൾ കേരളത്തിൽ പരിചയപ്പെടുത്തും. നെഹ്റുട്രോഫി വള്ളംകളി നടത്തുന്ന കാര്യം പരിഗണനയിലാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.