ആലപ്പുഴ: രാജ്യത്തെ മികച്ച മുപ്പത് ബീച്ചുകളിൽ ഇടം പിടിച്ച മാരാരിക്കുളം ബീച്ചിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള തയാറെടുപ്പിലാണ് ടൂറിസം പ്രമോഷൻ കൗൺസിൽ. വൈകുന്നേരങ്ങളിൽ ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷിത സഞ്ചാരത്തിനുപകരിക്കുന്ന തരത്തിൽ മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി എം.മാലിൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ''സഞ്ചാരികളെ വരൂ, മാരാരിക്കുളം ബീച്ച് സേഫ് ആണ്'' എന്ന പേരിൽ പട്ടം പറത്തി പ്രൊമോഷൻ സംഘടിപ്പിച്ചിരുന്നു. തീര സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയുള്ള ടൂറിസമാകും പ്രാവർത്തികമാക്കുക.

'ടൂർ മൈ ഇന്ത്യ' എന്ന പ്രശസ്ത ട്രാവൽ ബ്ലോഗ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഏറ്റവും ഭംഗിയുള്ള കടൽത്തീരങ്ങളിൽ മാരാരിക്കുളവും ഉൾപ്പെട്ടത്. 2017ൽ നാഷണൽ ജിയോഗ്രഫിക് മാഗസിനും മാരാരിക്കുളത്തെ പട്ടികയിൽ രേഖപ്പെടുത്തിയിരുന്നു. മനോഹാരിത കൊണ്ട് പേരെടുക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതതയാണ് പോരായ്മയെന്ന് പ്രദേശവാസികൾ ഉൾപ്പടെ പറയുന്നു. ബീച്ചിന്റെ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി യാതൊരും ഇടപെടലുകളും സർക്കാർ തലത്തിലുണ്ടായിട്ടില്ല. പരിസരത്തെ തട്ടുകടകളിലെ കസേരകളാണ് സഞ്ചാരികൾക്ക് വിശ്രമത്തിനുള്ള ഏക ആശ്രയം.

സഞ്ചാരികളുടെ സുരക്ഷയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള അടിസ്ഥാന സൗകര്യം ബീച്ചിൽ ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യ പടിയായാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്

- എം.മാലിൻ, ഡി.ടി.പി.സി സെക്രട്ടറി