ആലപ്പുഴ: പട്ടികജാതി, പട്ടികവർഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് കർമ പദ്ധതി രൂപീകരിച്ചു. പഞ്ചായത്തുകളുടെ പരിധിയിലുള്ള കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം, നീർത്തട സംരക്ഷണം, റോഡുകളുടെ നവീകരണം, വ്യക്തിഗതമായി പിന്നോക്കാവസ്ഥയിലുള്ളവർക്കും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്കും സഹായ വിതരണം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
കോളനികളുടെ വികസനത്തിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ട സർവ്വേ കുമാരപുരം പഞ്ചായത്തിലെ ചെന്നാട്ട് കോളനിയിൽ തുടക്കം കുറിച്ചു. കോളനിയിലെ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം, രണ്ട് കുളങ്ങൾ നവീകരിച്ചുള്ള മത്സ്യ കൃഷി, കോളനിക്കുള്ളിലെ ശ്മശാനത്തിന്റെ പുനരുദ്ധാരണം, ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വായോധികർക്കുള്ള ചികിത്സാ ഉപാധികളുടെ വിതരണം എന്നിവയാണ് നടപ്പാക്കുന്നത്.