ചേർത്തല: ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാംക്ളാസ് വിദ്യാർത്ഥിനി കെ.എസ്.നിള രചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം ഷാഡോസ് ബിഹൈൻഡ് ലീൻ ട്രീസ് പ്രകാശനം ചെയ്തു.
ഉണ്മ പബ്ലിക്കേഷൻസാണ് പ്രസാധകർ.പ്രൊഫ. തോമസ് പുളിക്കനാണ് അവതാരിക എഴുതിയത്.
ചേർത്തലയിൽ നടന്ന ലളിതമായ ചടങ്ങിൽ എ.ഇ.ഒ പി.കെ.സൈലജ ഗവ.ഗേൾസ് എച്ച്.എം എ.എസ് ബാബുവിന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു. ടി.ഒ.സൽമോൻ അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ഷാജി മഞ്ജരി, എച്ച്.എം ഫോറം കൺവീനർ എം.എൻ.ഹരികുമാർ ,ചെയർമാൻ പി.ബി ജോസി എന്നിവർ സംസാരിച്ചു.ചേർത്തല ടൗൺ എൽ.പി ഹെഡ്മാസ്റ്റർ എസ്.ധനപാൽ സ്വാഗതവും കെ.എസ്.നിള നന്ദിയും പറഞ്ഞു.
പല്ലുവേലിൽ ഭാഗം യു.പി. സ്കൂളിലെ ഹെഡ്മാസ്റ്ററും കവിയുമായ സിബു വെച്ചൂരിന്റെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിസ്റ്റ് വി.കെ.ഷീജയുടെയും മകളായ നിളയ്ക്ക് ജില്ലാതല ക്ലേ മോഡലിംഗിൽ തുടർച്ചയായി മൂന്ന് തവണ ഒന്നാം സ്ഥാനവും തളിർ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 2020ൽ ഇൻസ്‌പെയർ അവാർഡും ലഭിച്ചു. കവിതാ സമാഹാരത്തിന്റെ ചിത്രങ്ങളും കവർഡിസൈനും നിളയുടേതാണ്. കാസർഗോഡ് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി കെ.എസ്. അശ്വിൻ സഹോദരനാണ്.