4 ജെ.എച്ച്.ഐ തസ്തികകൾ അധികമായി അനുവദിക്കാൻ ശുപാർശ ചെയ്തു
ആലപ്പുഴ: നഗരത്തിലെ തെരുവോര കച്ചവടക്കാർക്കുള്ള വിവിധ വെൻഡിംഗ് ,നോൺ വെൻഡിംഗ് ,റെസ്ട്രിക്ടഡ് സോണുകൾ നഗരസഭ കൗൺസിൽ അംഗീകരിച്ചു. തെരുവോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി ടൗൺ വെൻഡിംഗ് കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ആക്ഷൻ പ്ലാൻ കൗൺസിൽ അംഗീകരിച്ചു. നഗരസഭയിലെ ബയോ ഡൈവേഴ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി നാട്ടുവൈദ്യന്മാർ, കർഷകർ, ജൈവ വൈവിധ്യ മേഖലയിൽ പ്രാഗത്ഭ്യമുള്ളവർ, മത്സ്യ ബന്ധന തൊഴിലാളികൾ, സാമൂഹ്യ പ്രവർത്തകർ, ഗവേഷകർ എന്നിവരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കും. നഗരത്തിലെ ജനസംഖ്യയും പകർച്ചവ്യാധി സാദ്ധ്യതയും അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് 4 ജെ.എച്ച്.ഐ തസ്തികകൾ അധികമായി അനുവദിക്കാൻ നഗരകാര്യ ഡയറക്ടർക്ക് കത്തെഴുതാൻ കൗൺസിൽ ശുപാർശ ചെയ്തു.
മുൻ ഭരണ സമിതിയുടെ കാലത്ത് കൃത്യമായ ജൈവ,അജൈവ മാലിന്യ സംസ്‌കരണ മാർഗ്ഗങ്ങളൊരുക്കാതിരുന്നതിനും നിർദ്ദേശിക്കപ്പെട്ട സമയരേഖ പാലിക്കാതിരുന്നതിനും ദേശീയ ഹരിത ട്രിബ്യൂണൽ നഗരസഭയ്ക്ക് 15 ലക്ഷം രൂപ പിഴ ചുമത്തിയ വിവരം കൗൺസിലിൽ റിപ്പോർട്ട് ചെയ്തു. അമൃത് പദ്ധതിയിൽ പൂർത്തീകരിച്ച വാട്ടർ കിയോസ്‌കുകൾ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാനും നടത്തിപ്പ് ചുമതല കുടുംബശ്രീയെ ഏൽപ്പിക്കാനും പരിപാലന ചിലവിലേയ്ക്ക് ലിറ്ററൊന്നിന് 50 പൈസ നിരക്കിൽ ഈടാക്കാനും തീരുമാനിച്ചു.
നിലത്തെഴുത്താശാട്ടിമാർക്ക് ഗ്രാന്റ് ആളൊന്നിന് 12,000 രൂപ വീതം അനുവദിച്ചു. അമൃത് പദ്ധതിയുടെ നടത്തിപ്പിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ആലപ്പുഴ നഗരസഭയിലെ വിവിധ അമൃത് പ്രോജക്ടുകൾക്കും കൗൺസിൽ അംഗീകാരം നൽകി. ചെയർപേഴ്സൺ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, കെ.ബാബു, എ.ഷാനവാസ്, കക്ഷി നേതാക്കളായ എം.ആർ പ്രേം ,ഡി.പി.മധു, റീഗോ രാജു, ഹരികൃഷ്ണൻ,നസീർ പുന്നയ്ക്കൽ, രതീഷ്, സലിം മുല്ലാത്ത് എന്നിവർ സംസാരിച്ചു.