ചാരുംമൂട്: ഒന്നാംഘട്ട ടൂറിസം പ്രവർത്തനം വിലയിരുത്താനായി താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി പ്രദേശം ജില്ലാ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ , പഞ്ചായത്തംഗം ശോഭസജി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗ്ഗീസ്, ഡി.ടി. പി.സി സെക്രട്ടറി മാലിൻ മുരളീധരൻ ,പ്രൊജക്ട് എൻജിനീയർ വിനോദ് കുമാർ , കിറ്റ്കോ സീനിയർ പ്രൊജക്ട് എൻജിനീയർ ബി.കമൽകുമാർ , സൈറ്റ് എൻജിനീയർ എസ്. ഷെറിൻ എന്നിവരാണ് സന്ദർശിച്ചത്.
ഒന്നാം ഘട്ടമായി ഒരു കോടി ചെലവിൽ ചിറയിലേക്കുള്ള പ്രവേശന കവാടം, ഇരു വശവും നടപ്പാത, ഇരിപ്പടങ്ങൾ, അലങ്കാര വിളക്കുകൾ, ശൗചാലയം, ചിറയിലേക്കു തള്ളിയുള്ള ലേക് വ്യൂ പോയിന്റ് , കുട്ടികളുടെ പാർക്ക് എന്നിവയുടെ നിർമ്മാണമാണ് പൂർത്തിയായത്. ഒരാഴ്ച മുമ്പ് ഇവിടേക്ക് വൈദ്യുതിയും ലഭിച്ചിരുന്നു. ഒന്നാം ഘട്ടത്തിന്റെ അവശേഷിക്കുന്ന മിനുക്കുപണികൾ വേഗത്തിൽ പൂർത്തിയാക്കി പദ്ധതി പ്രദേശം സന്ദർശകർക്ക് തുറന്നു കൊടുക്കാനാവുമെന്ന് ഡെപൂട്ടി ഡയറക്ടർ ജനപ്രതിനിധികളുമായുള്ള ചർച്ചയിൽ പറഞ്ഞു.
പഞ്ചായത്തംഗങ്ങളായ ദീപക്, തൻസീർ കണ്ണനാകുഴി, റഹ്മത്ത് റഷീദ്, എസ്.ശ്രീജ, സെക്രട്ടറി വി.ജസി,ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം.കെ.വിമലൻ, മുൻ പഞ്ചായത്തംഗംങ്ങളായ കെ.വി.സത്യൻ, പി.രഘു , അസി.സെക്രട്ടറി കെ.ജയകുമാർ തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു.