photo

ചേർത്തല: കാഴ്ചയില്ലായ്മയെ തോല്പിച്ച് അഖിൽ നേടിയ വിജയത്തിന് പത്തരമാ​റ്റ് തിളക്കം. നഗരസഭ പത്താം വാർഡിൽ വാഴപ്പള്ളിൽ സുധികുമാറിന്റേയും മായയുടേയും മകൻ അഖിലാണ് കാഴ്ചവൈകല്യത്തെ മറികടന്ന് ചരിത്ര വിഷയത്തിൽ ബിരുദാനന്തരബിരുദം നേടിയത്.

കാലടിയൂണിവേഴ്‌സി​റ്റിയുടെ കീഴിലുള്ള തുറവൂർ സംസ്‌കൃത കോളേജിലെ വിദ്യാർത്ഥിയാണ്. ഏഴാം ക്ലാസ് വരെ അന്ധവിദ്യാർത്ഥികൾക്കുള്ള സ്‌കൂളിലാണ് അഖിൽ പഠിച്ചത്. എട്ടാം ക്ലാസ് മുതൽ ചേർത്തല ഹോളി ഫാമിലി സ്‌കൂളിൽ സാധാരണ കുട്ടികൾക്കൊപ്പം പഠനം തുടങ്ങി. എസ്.എൻ. കോളേജിലായിരുന്നു ബി.എ പഠനം. തുടർന്നാണ് ഉപരിപഠനത്തിനായി തുറവൂരിലെത്തിയത്. അദ്ധ്യാപകരും സുഹൃത്തുക്കളും കുടുംബവും നൽകിയ പിന്തുണയാണ് മികച്ച വിജയം കരസ്ഥമാക്കാൻ സഹായിച്ചതെന്ന് അഖിൽ പറഞ്ഞു. അനുജൻ പ്ലസ്ടു വിദ്യാർത്ഥിയായ അതുലാണ് അഖിലിന് വേണ്ടി മൂന്ന് സെമസ്​റ്ററിലും പരീക്ഷയെഴുതിയത്. അതുലിന് പ്ലസ്ടു പരീക്ഷ തുടങ്ങിയതിനാൽ ലാസ്​റ്റ് സെമസ്​റ്റർ പരീക്ഷയെഴുതിയത് കോളേജിലെ സംസ്‌കൃത വിദ്യാർത്ഥിയാണ്. ഇളയ സഹോദരൻ ആറാം ക്ലാസുകാരൻ അശ്വിനും സഹായവുമായി ഒപ്പമുണ്ട്. പഠനത്തിൽ മാത്രമല്ല സംഗീതത്തിലും അഖിൽ മികവ് തെളിയിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന അഖിൽ നിരവധി വേദികളിൽ പാടിയിട്ടുണ്ട്. സോപാന സംഗീതത്തിലും അരങ്ങേ​റ്റം കുറിച്ചു. ബി.എഡ് പഠിച്ച് അദ്ധ്യാപകനാകണമെന്നാണ് അഖിലിന്റെ ആഗ്രഹം.