ph
അഡ്വ.രവീന്ദ്രൻ രാജധാനിയിൽ

കായംകുളം: വെളുക്കാൻ തേച്ചത് പാണ്ടായി​ എന്നതു പോലെയാണ് രാജധാനിയിൽ - പറവൂർ ജംഗ്ഷൻ റോഡി​ന്റെ അവസ്ഥ. എൻ.ആർ.പി.എം സ്കൂളിന് കിഴക്കുവശം തുടങ്ങുന്ന റോഡി​ലെ യാത്ര വളരെ സുഖകരമായി​രുന്നു. എന്നാൽ പത്തുമാസം മുൻപാണ് റോഡ് പൊളി​ച്ചു. ബി.എം ആൻഡ് ബി.സി രീതിയിൽ ഉന്നത നിലവാരത്തോടെ പുനർ നിർമ്മിക്കുമെന്നായി​രുന്നു വാഗ്ദാനം. എന്നാൽ റോഡ് പൊളിച്ചശേഷം പണി ഉപേക്ഷിച്ച് മുങ്ങിയ കോൺട്രാക്ടറെ തപ്പിനടക്കുകയാണ് ഇപ്പോൾ നാട്ടുകാർ. ഉത്തരവാദിത്വപ്പെട്ടവർക്കാകട്ടെ യാതൊരു പ്രതി​കരണവുമി​ല്ല.

കായംകുളം നഗരസഭയുടെ പടിഞ്ഞാറൻ വാർഡുകളും കണ്ടല്ലൂർ, പത്തിയൂർ പഞ്ചായത്തുകളും അതിർത്തി പങ്കിടുന്ന സുപ്രധാനമായ റോഡിന്റെ ഇന്നത്തെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ല. രണ്ട് കിലോമീറ്റർ ദൂരം വരുന്ന റോഡ് ഇരുചക്രവാഹനങ്ങൾക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥ. പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി ടാർ പൊളിച്ച് ക്വാറി വേസ്റ്റ് നിരത്തിയതോടെയാണ് ഗതാഗതം സാധ്യമല്ലാതായത്.

കായംകുളം - കാർത്തികപ്പള്ളി റോഡിൽ പുല്ലുകുളങ്ങര ഭാഗങ്ങളിൽ ഗതാഗത തടസം ഉണ്ടായാൽ വഴി തിരിച്ചുവിടേണ്ട സുപ്രധാനമായ റോഡാണ് ഇത്. ആദ്യം പണിമുടങ്ങിയപ്പോൾ തന്നെ ബന്ധപ്പെട്ടവരെ വിവരം ധരിപ്പിച്ചിരുന്നു. എന്നാൽ പത്ത് മാസം പിന്നിട്ടിട്ടും പരിഹാരവുമായി ആരും എത്തിയിട്ടില്ല.

പി.ഡബ്ളിയു.ഡി റോഡ് ഏറ്റെടുത്തതോടെ ഒരു കോടി 18 ലക്ഷം രൂപയാണ് ആധുനിക രീതിയിൽ പുനർ നിർമ്മിക്കുന്നതിന് അനുവദിച്ചത്. ഓടയുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടും. എന്നാൽ കരാർ ഏറ്റെടുത്ത് പണി തുടങ്ങി​യപ്പോഴാണ് ഓട നിർമ്മിച്ചാൽ റോഡിന് വീതി നന്നേ കുറയുമെന്നും എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ പോലും കഴിയില്ലെന്ന ആരോപണം ഉയർന്നത്.

ഏതായാലും പത്തു മാസമായി നാട്ടുകാർ ദുരിതത്തിലാണ്. പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ.

.......................................

1.18

ഒരു കോടി 18 ലക്ഷം രൂപയാണ് റോഡ് ആധുനിക രീതിയിൽ

പുനർ നിർമ്മിക്കുന്നതിന് അനുവദിച്ചത്.

.............................................

പത്ത് മാസമായി റോഡ് ഗതാഗതയോഗ്യമല്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അടിയന്തിരമായി റോഡ് ഗതാഗത യോഗ്യമാക്കണം.

അഡ്വ.കെ. രവീന്ദ്രൻ രാജധാനിയിൽ

പ്രദേശ വാസി

മഴ മാറാതെ നിൽക്കുന്നതാണ് പണി തുടങ്ങാൻ താമസം. എസ്റ്റിമേറ്റിൽ നിന്നും ഓട ഒഴിവാക്കിയെന്നും കരാർ തുക കുറച്ചെന്നുമുള്ള ആരോപണം ശരിയല്ല. ആവശ്യമായ ഭാഗങ്ങളിൽ ഓട നിർമ്മിക്കണം. ഇത്തരം സ്ഥലങ്ങളിൽ വെള്ളക്കെട്ട് മാറാതെ നിൽക്കുകയാണ്. ബി.എം ആൻഡ് ബി.സി രീതിയിൽ നിർമ്മിയ്ക്കുന്ന റോഡിന് മൂന്ന് വർഷം ഗ്യാരണ്ടി​യുണ്ട്.

പ്രേം ലാൽ

അസി. എൻജിനീയർ

പി.ഡബ്ളിയു.ഡി

പത്ത് മാസമായി പണി മുടങ്ങിക്കിടക്കുന്നത് എന്താണന്ന് അറിയില്ല. പലരും വിളിക്കുന്നുണ്ട്. വിവരം അന്വേഷിക്കാം

അംബി​ക,

അസി.എക്സി.എൻജിനീയർ

പി.ഡബ്ളിയു.ഡി