# ബസ് യാത്ര വലയ്ക്കുന്നു
ആലപ്പുഴ: കോളേജുകൾ തുറന്ന് ക്ലാസുകൾ ആരംഭിച്ചെങ്കിലും വിദ്യാർത്ഥികളുടെ ദുരിതയാത്ര നീളുന്നു. ചങ്ങനാശേരിയിലെ കോളേജുകളിൽ പഠിക്കുന്ന കുട്ടികളാണ് എറെ വലയുന്നത്. എ - സി റോഡ് നവീകരണം നടക്കുന്നതിനാൽ പൊങ്ങവരെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നില്ല.
പൂപ്പള്ളി, പുളിങ്കുന്ന് ബസുകളാണ് ആശ്രയം. അവിടുന്ന് അടുത്ത ബസ് കയറിവേണം കോളേജുകളിലെത്താൻ. ബസ് സർവീസുകളുടെ എണ്ണം കുറഞ്ഞതും യാത്ര വലയ്ക്കുന്നുണ്ട്. തിരുവല്ല റൂട്ടിലും ഷെഡ്യൂളുകൾ കുറവാണ്.
ജില്ലയിൽ മാവേലിക്കര, കായംകുളം, ഹരിപ്പാട് ഭാഗത്തേക്ക് സ്വകാര്യ ബസുകളെയാണ് കൂടുതൽ വിദ്യാർത്ഥികളും ആശ്രയിക്കുന്നത്. ദേശസാത്കൃത റൂട്ടായതിനാൽ കുട്ടനാട്, തിരുവല്ല ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി മാത്രമേ സർവീസ് നടത്തുന്നുള്ളു. ജില്ലയിൽ എൺപത് സ്വകാര്യ ബസുകൾ മാത്രമാണ് ഇന്നലെ വരെ സർവീസ് നടത്തിയത്.
ഉൾപ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകളും പുനരാരംഭിച്ചിട്ടില്ല. നിലവിൽ ബിരുദാനന്തര ബിരുദ - അവസാന വർഷ ബിരുദ - ബി.എഡ് വിദ്യാർത്ഥികളാണ് കോളേജുകളിൽ എത്തുന്നതെങ്കിലും നവംബർ മുതൽ ജൂനിയർ വിദ്യാർത്ഥികൾക്കും ക്ലാസുകൾ തുടങ്ങും. ഇതോടെ യാത്രാ ദുരിതം ഇരട്ടിക്കും.
കൺസെഷനുണ്ടായിട്ടും ഫലമില്ല
നിലവിൽ വിദ്യാർത്ഥികൾക്ക് ആശ്വാസം ബസുകളിൽ നിന്ന് ലഭ്യമാകുന്ന കൺസെഷനാണ്. എന്നാൽ കോളേജുകളിൽ 8.30 മുതൽ 1.30 വരെയാണ് നിലവിൽ ക്ലാസ്. അതിനാൽ ഭൂരിഭാഗം വിദ്യാർത്ഥികളും ഫാസ്റ്റ് - സൂപ്പർഫാസ്റ്റ് ബസുകളെയാണ് ആശ്രയിക്കുന്നത്. ഇതുമൂലം യാത്രക്കൂലി ഇനത്തിൽ കൂടുതൽ പണം ചെലവാകുന്നുണ്ട്.
അകലമില്ലാതെ ദുരിതയാത്ര
1. ചങ്ങനാശേരിയിൽ എത്തണമെങ്കിൽ രണ്ട് ബസുകൾ കയറണം
2. നേരം പുലരുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങണം
3. കൃത്യമായ ഇടവേളകളിൽ ബസ് സർവീസില്ല
4. ഇത് തിരക്ക് വർദ്ധിപ്പിച്ചു
5. സാമൂഹിക അകലവും പാലിക്കപ്പെടുന്നില്ല
''
വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം കൂടുതൽ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. എ - സി റോഡിന്റെ അടുത്ത ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കൈനകരി മുതൽ കണക്ഷൻ ബസുകൾ ക്രമീകരിക്കും. ആലപ്പുഴ ഡിപ്പോയിൽ എല്ലാ ബുധനാഴ്ചയും കൺസെഷൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്.
അശോക് കുമാർ, ഡി.ടി.ഒ