# താങ്ങാകാതെ ഒരു നെല്ലും ഒരു മീനും പദ്ധതി
ആലപ്പുഴ: ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് സർക്കാർ പ്രഖ്യാപിച്ച സബ്സിഡി നൽകാത്തതിനാൽ ജില്ലയിലെ കർഷകർ കടക്കെണിയിൽ. സബ്സിഡിയായി ഒരുകോടിയോളം രൂപയാണ് കുടിശികയുള്ളത്. ബാങ്ക് ലോണും സ്വകാര്യ വായ്പയുമെടുത്ത് കൃഷിയിറക്കിയ കർഷകരാണ് സാമ്പത്തിക പ്രതിസന്ധിയിലായത്.
കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിയിലുണ്ടാകുന്ന നഷ്ടം തടയാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. കാർഷിക മേഖലയിൽ സംയോജിത കൃഷി പ്രാവർത്തികമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നബാർഡ് ഫണ്ട് അനുവദിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കർഷകർ ചെലവഴിക്കുന്ന തുകയുടെ 80ശതമാനവും സബ്സിഡിയാണ്. ജില്ലയിൽ 33 ഗ്രൂപ്പുകൾ 165 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് പദ്ധതിയുടെ മേൽനോട്ട ചുമതല ഫിഷറീസ് വകുപ്പിന് കീഴിലെ അഡാക്കിനാണ്. സ്വന്തമായി സ്ഥലം ഇല്ലാത്തവർ പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. മത്സ്യങ്ങൾ ന്യായവിലയ്ക്ക് സംഭരിക്കാർ സർക്കാർ, അർദ്ധ സർക്കാർ ഏജൻസികളില്ലാത്തതിനാൽ സ്വകാര്യ വ്യക്തികളുടെ ചൂഷണത്തിനും കർഷകർ ഇരയാകുന്നുണ്ട്.
സബ്സിഡി മൂന്ന് തവണയായി
1. അഞ്ചുപേർ അടങ്ങുന്ന ഓരോ ഗ്രൂപ്പുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്
2. അഞ്ച് ഹെക്ടർ സ്ഥലമാണ് പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടത്
3. മൂന്ന് ഘട്ടങ്ങളിലായാണ് സബ്സിഡി നൽകുന്നത്
4. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് ചെലവാകുന്ന തുക തിരികെ നൽകും
5. ജൂൺ മുതൽ ഒക്ടോബർ വരെ നെൽകൃഷിയും നവംബർ മുതൽ മേയ് വരെ മത്സ്യകൃഷിയും
6. കൂടുതലായി വളർത്തുന്നത് കാരചെമ്മീൻ, പൂമീൻ, കരിമീൻ, കണമ്പ്
അഞ്ച് ഹെക്ടറിനുള്ള തുക
അടിസ്ഥാന സൗകര്യം ഒരുക്കൽ: 13.67 ലക്ഷം
നെല്ല്: 3.07 ലക്ഷം
മത്സ്യകൃഷി: 3.94,960 രൂപ
കുടിശിക: 01 കോടി
ഗുണഭോക്താക്കൾ മുൻഗണനയിൽ
1. സ്വന്തമായി കൃഷിഭൂമിയുള്ളവർ
2. പാട്ടത്തിനെടുക്കുന്ന കർഷകർ
3. കർഷകത്തൊഴിലാളികളും കർഷകരും ഉൾപ്പെട്ട ഗ്രൂപ്പ്
4. കുടുംബശ്രീ, ജെ.എൽ.ജി
5. സ്വകാര്യ വ്യക്തികൾ
"
പുറംബണ്ട് ബലപ്പെടുത്തൽ, പത്തായം, മോട്ടോർ, വല, നെൽകൃഷി എന്നിവയ്ക്കായി അഞ്ച് ഹെക്ടറിന് 18 ലക്ഷം രൂപയാണ് സബ്സിഡി ലഭിക്കുക. കടത്തിലകപ്പെട്ട കർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.
അനിയപ്പൻ, കർഷകൻ