ambala

അമ്പലപ്പുഴ: പുന്നപ്ര ഈരേത്തോട്ടിൽ പോളയും മാലിന്യവും നിറഞ്ഞ് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ദേശീയപാതയിൽ കപ്പക്കട ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് പൂക്കൈത ആറുവരെ പോകുന്ന തോടിന്റെ മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് പോള നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടത്. ഇതുമൂലം ചെറുവള്ളങ്ങൾക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പൂന്തിരം പൂക്കൈത ആറ്റിലാണ് തോട് അവസാനിക്കുന്നത്. ഒരു വർഷം മുമ്പ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് തോടിന് ആഴം വർദ്ധിപ്പിച്ചിരുന്നു. എന്നാൽ വീണ്ടും പോളയും മാലിന്യവും തിങ്ങി നിറഞ്ഞു. വ്യക്ഷലതാതികളും മരക്കൊമ്പുകളും തോട്ടിലേക്ക് ചാഞ്ഞുകിടക്കുകയാണ്. തോടിന് ഇരുവശവും നിരവധി കുടുബങ്ങളും താമസിക്കുന്നുണ്ട്. മാലിന്യത്തിന്റെ ദുർഗന്ധവും വിഷജീവികളുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.