അമ്പലപ്പുഴ : പറഞ്ഞ സമയത്തിനുള്ളിൽ വീട് നിർമാണം പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് കരാറുകാരന്റെ വീടാക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. നീർക്കുന്നം കാട്ടിൽപ്പുറം വെളി ഹബീബിനെയാണ് (53) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹബീബിന്റെ വീട് നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത തുമ്പോളിത്തോപ്പ് അബ്ദുളളക്കുഞ്ഞിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. കുപ്പിയിൽ പെട്രോളുമായെത്തിയ ഹബീബ് ടി.വി, ടാബ്, ദിവാൻ കോട്ട് തുടങ്ങിയവ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അമ്പലപ്പുഴ ഫസ്റ്റ് ക്ലാസ്സ് മജിട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.