2

കുട്ടനാട്: വെളിയനാട് വില്ലേജിൽ റീസർവേ നടക്കാത്തതിനാൽ വസ്തുവിന്റെ പോക്കുവരവ് നടത്താനോ കരമടയ്ക്കാനോ വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാനോ കഴിയാതെ ജനം ബുദ്ധിമുട്ടുന്നു.

വസ്തു പോക്കുവരവ് ചെയ്ത് കരമടച്ചാൽ മാത്രമേ വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനാകൂ. അപേക്ഷകളെല്ലാം അക്ഷയകേന്ദ്രങ്ങൾ മുഖേനയാക്കിയതോടെ കരം അടച്ചതിന്റെയും മറ്റും രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ അപേക്ഷകൾ സമർപ്പിക്കാനാകുന്നില്ല. വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കാമെന്ന് വച്ചാലും പോക്കുവരവിന്റെയും കരമടച്ചതിന്റെയും ബ്ലോക്ക് നമ്പർ ഇല്ലാത്തതിനാൽ കമ്പ്യൂട്ടറിൽ എൻട്രി ചെയ്യാൻ സാധിക്കില്ല. കൈപ്പറ്റ് രസീത് നൽകാൻ സംവിധാനമില്ലാത്തതും പ്രശ്നം വഷളാക്കുന്നു. സ്കൂളുകളും കോളേജുകളും മറ്റും തുറക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിന് പുറമെ പുഞ്ചകൃഷിക്കുള്ള ആരംഭം കുറിക്കുകയും ചെയ്തതോടെ കുട്ടികളുടെ അഡ്മിഷനും ബാങ്കുകളിൽ നിന്ന് കാർഷിക വായ്പയെടുക്കുന്നതിനും മറ്റുമായി നിരവധി അപേക്ഷകരാണ് നിത്യവും എത്തുന്നത്.

ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വെളിയനാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. രാജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. സൂരജ് അദ്ധ്യക്ഷനായി. എൻ.സി. ബാബു, ടി.ഡി. അലക്സാണ്ടർ, സിന്ധു സൂരജ് തുടങ്ങിയവർ സംസാരിച്ചു. തോമസ് കോടത്തുശേരി സ്വാഗതവും ബിജോയി ചങ്ങങ്കരി നന്ദിയും പറഞ്ഞു.