ambala

അമ്പലപ്പുഴ: അമ്പലപ്പുഴ കിഴക്കേനട - അട്ടിയിൽ റോഡ് നിർമ്മാണം രണ്ടുവർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. അമ്പലപ്പുഴയിൽ നിന്ന് കട്ടക്കുഴി, കൊപ്പാറക്കടവ് വരെ എളുപ്പത്തിൽ പോകാൻ കഴിയുന്ന റോഡാണിത്. റോഡ് നിർമ്മാണത്തിനിടെ പല പ്രാവശ്യം കൽക്കെട്ടുകൾ ഇടിഞ്ഞിരുന്നു. റോഡിനടിയിൽ കൂടി പോകുന്ന ഗാർഹിക കുടിവെള്ള പൈപ്പ് പൊട്ടുന്നതും നിത്യസംഭവമാണ്.

പി.ഡബ്ല്യു.ഡി നിർമ്മിക്കുന്ന റോഡിൽ പൂഴിയും മെറ്റലും നിരത്തിയെങ്കിലും ടാറിംഗ് ആരംഭിക്കാനായിട്ടില്ല. ഇതുമൂലം രണ്ടുവർഷമായി ജനങ്ങൾ ദുരിതം പേറുകയാണ്. പല സ്ഥലത്തും മഴവെള്ളം കെട്ടിക്കിടന്ന് വലിയ കുഴികളും രൂപപ്പെട്ടു. ആശുപത്രിയിൽ പോകാൻ ഓട്ടോറിക്ഷ വിളിച്ചാൽ പോലും ഇതുവഴി വരാറില്ലെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം റോഡ് ടാറ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.