അമ്പലപ്പുഴ: സംഗീതജ്ഞൻ പ്രൊഫ. അമ്പലപ്പുഴ വിജയൻ ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രഥമ കലാ വൈഭവ് പുരസ്കാര ദാനവും നാളെ ഉച്ചക്ക് 2ന് അമ്പലപ്പുഴ ടൗൺ ഹാളിൽ നടക്കും. വയലിനിസ്റ്റ് ജയരാജ് കുമരകം നയിക്കുന്ന സംഗീതാർച്ചനയും നടക്കും.

3ന് നടക്കുന്ന സമ്മേളനത്തിൽ എച്ച്. സലാം എം.എൽ.എ ഫൗണ്ടേഷൻ ഉദ്ഘാടനം നിർവഹിക്കും. ഫൗണ്ടേഷൻ ചെയർമാൻ എസ്. രാജപ്പൻ അദ്ധ്യക്ഷനാകും. കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രൊഫ. വിജയൻ.വി.അമ്പലപ്പുഴ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം ചിത്രകാരനും ശില്പിയുമായ വർണം ഗോപാൽജിക്ക് ചലച്ചിത്ര താരം മധുപാൽ സമ്മാനിക്കും. സംഗീത പ്രതിഭയും നാലുതവണ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ശുഭാ രഘുനാഥിനെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷും ഏഴര മണിക്കൂറിൽ 893 പേർക്ക് കൊവിഡ് വാക്സിനേഷൻ നൽകിയ സിസ്റ്റർ പുഷ്പലതയെ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കവിതയും ആദരിക്കും.

വൈകിട്ട് നാല് മുതൽ പ്രശസ്ത സംഗീതജ്ഞൻ പഴകുളം റോ ജോയും ശുഭാ രഘുനാഥും നയിക്കുന്ന ഫ്യൂഷൻ മ്യൂസിക്ക്. തുടർന്ന് പ്രശസ്ത നടൻ പാട്ടുകാരൻ പുന്നപ്ര ജ്യോതികുമാറും മധു പുന്നപ്രയും നയിക്കുന്ന നാടൻ പാട്ടും കെ.ടി. ബേബി ചമ്പക്കുളം സംഘവും നയിക്കുന്ന വഞ്ചിപ്പാട്ടും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.