anjana

# ആശങ്കയും പ്രതീക്ഷയുമായി വിദ്യാർത്ഥികൾ

ആലപ്പുഴ: കൂട്ടുകാരെയും അദ്ധ്യാപകരെയും നേരിൽ കാണാതെയുള്ള രണ്ട് വർഷങ്ങൾക്ക് വിടപറഞ്ഞ് വീണ്ടും സ്കൂളിന്റെ പടി കടക്കാനൊരുങ്ങുമ്പോൾ പ്രതീക്ഷകളും ഒപ്പം ആശങ്കകളും നിറയുകയാണ് കുഞ്ഞുമനസുകളിൽ. പഴയ സ്കൂൾ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാണ്. ഓൺലൈൻ പഠനത്തിന്റെ രസച്ചരട് പൊട്ടിത്തുടങ്ങി. ക്ലാസുകളോട് പലർക്കും മടുപ്പ് തോന്നിയ ഘട്ടത്തിലാണ് വീണ്ടും സ്കൂളിലെത്താൻ അവസരമൊരുങ്ങുന്നത്.

നവംബർ ഒന്നിന് സ്കൂളുകൾ തുറക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനൊപ്പം ഓൺലൈൻ വഴിയും വിക്ടേഴ്സ് ചാനൽ വഴിയും ക്ളാസുകൾ തുടരും. കൊവിഡ് കാലത്ത് ആരംഭിക്കുന്ന ക്ളാസുകൾക്ക് പുതിയ അക്കാദമിക് കലണ്ടറും അക്കാദമിക് അപ്രോച്ചും നടപ്പാക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചത്.

""

സ്കൂളിലെത്താൻ കാത്തിരിപ്പാണ്. കൂട്ടുകാരെയും അദ്ധ്യാപകരെയും ഒന്നര വർഷമായി നേരിൽ കണ്ടിട്ടില്ല. കൊവിഡ് മുമ്പ് അവധി കിട്ടാൻ കാത്തിരുന്നു. ഇപ്പോൾ എങ്ങനെയെങ്കിലും സ്കൂൾ തുറക്കണമെന്നേയുള്ളു. കൂട്ടുകാരെ കാണണം. സാമൂഹിക അകലം പാലിക്കും.

അഞ്ജനാ രാജ്, ആറാം ക്ലാസ്,

എസ്.എൻ.വി.ടി.ടി.ഐ, കാക്കാഴം

""

കൂട്ടുകാരെ വീണ്ടും കാണാമല്ലോയെന്നതാണ് സന്തോഷം. പഴയതുപോലെ ഒരുമിച്ച് കളിക്കാനും ഭക്ഷണം പങ്കുവയ്ക്കാനുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ അതൊന്നും പാടില്ലെന്ന് വീട്ടിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഗൂഗിൾ മീറ്റിൽ നിന്ന് സ്ഥിരമായി മുങ്ങിയതിന് ക്ലാസിലെത്തുമ്പോൾ ടീച്ചർ പിടികൂടാൻ സാദ്ധ്യതയുണ്ട്.

എസ്. ആദിനാരായണൻ, അഞ്ചാം ക്ലാസ്,

എസ്.ഡി.വി.ഇ.എം എച്ച്.എസ്.എസ്, ആലപ്പുഴ

""

ക്ലാസ് റൂമുകളിലെത്തി പഠിക്കാനാണിഷ്ടം. ഒന്നാം ക്ലാസിലാണ് എല്ലാവരെയും അവസാനമായി നേരിൽ കണ്ടത്. ഇപ്പോ എല്ലാവരും വളർന്നുകാണും. വിശേഷങ്ങളൊക്കെ സംസാരിക്കണം. കൊവിഡ് മാറുമ്പോൾ പഴയതുപോലെ ഒരുമിച്ച് ടൂർ പോകണം.

എ.എസ്.തീർത്ഥ, മൂന്നാം ക്ലാസ്,

എസ്.എൻ സെൻട്രൽ സ്കൂൾ, കരുവാറ്റ

""

ഹോം വർക്ക് ഇനി മുതൽ അദ്ധ്യാപകർ നേരിൽ നോക്കുമല്ലോയെന്നതാണ് ആശങ്ക. കൂട്ടുകാരെ കാണാമെങ്കിലും അവർക്കൊപ്പം കളിക്കാൻ പാടില്ലെന്നാണ് അമ്മ പറഞ്ഞിരിക്കുന്നത്. അത് സങ്കടമാണ്. എന്നാലും അനുസരിക്കും.

പവൻ.ആർ. പിള്ള, നാലാം ക്ലാസ്,

എസ്.ഡി.വി.ഇ.എം എച്ച്.എസ്.എസ്, ആലപ്പുഴ