₹സിവിൽ സർവീസിന് പിന്നാലെ കെ.എ.എസിലും മിന്നുന്ന ജയം
മാവേലിക്കര: സ്വപ്‌നങ്ങൾക്കും മേലെയാണ് എസ്. മാലിനിയുടെ നേട്ടങ്ങൾ. ഇക്കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 135-ാം റാങ്ക്. ഇപ്പോൾ കെ.എ.എസ് സ്ട്രീം ഒന്നിൽ ഒന്നാം റാങ്ക്.
ചെട്ടികുളങ്ങര പ്രതിഭയിൽ അഭിഭാഷകനായ കൃഷ‌്ണകുമാറിന്റെയും റിട്ട. അദ്ധ്യാപിക ശ്രീലതയുടെയും മകളാണ്. എഴുത്തുകാരനായിരുന്ന എരുമേലി പരമേശ്വരൻ പിള്ളയുടെയും, പുതുശേരി രാമചന്ദ്രന്റെ സഹോദരിയുടെയും കൊച്ചു മകളും. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം, കായംകുളം എസ്.എൻ സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും ലിംഗ്വിസ്റ്റിക്കിൽ ബിരുദാനന്തര ബിരുദവും നേടി. ഡൽഹിയിൽ സ്വകാര്യ സ്ഥാപനത്തിൽ അദ്ധ്യാപികയായി പ്രവർത്തിക്കവെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. ആദ്യ രണ്ടു തവണ അഭിമുഖത്തിലേക്ക് എത്താനായില്ല. 2020ൽ ഹൈക്കോടതിയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച ശേഷം അവധിയെടുത്ത് പഠനം തുടർന്നു . പോണ്ടിച്ചേരി സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനി നന്ദിനിയാണ് സഹോദരി.
മാവേലിക്കര - ചെട്ടികുളങ്ങര ഭഗവതിയുടെ മണ്ണിലാണ് താമസം. എഴുന്നേറ്റാൽ ആദ്യം കാണുന്നത് ഭഗവതിയെയാണ്. അതിന്റെ ഐശ്വര്യം ജീവിതത്തിലുണ്ടായെന്നാണ് വിശ്വാസം. വിജയം അച്‌ഛനും അമ്മയ്ക്കും അനുജത്തിക്കും മറ്റ് കുടുംബാംഗങ്ങൾക്കുമായി സമർപ്പിക്കുന്നു.
-എസ്. മാലിനി