coconut

ചേർത്തല: മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ വിത്തിനങ്ങൾ നൽകിയും കർഷകരുടെ സംശയങ്ങൾ പരിഹരിച്ചും നാളികേര സംസ്‌കാരം വളർത്താൻ തയ്യാറെടുത്ത് തീരദേശ നാളികേര ഫെഡറേഷൻ. നാളികേര വികസന ബോർഡിന്റെ അംഗീകാരത്തിൽ പ്രവർത്തിക്കുന്ന എഴുപുന്ന കോടംതുരുത്ത് പ്രദേശങ്ങളിലെ കേര കർഷകരുടെ കൂട്ടായ്മയാണ് ഫെഡറേഷൻ.
വളമംഗലം വടക്ക് നാളികേര ഉത്പാദക സംഘവുമായി ചേർന്ന് ഫെഡറേഷൻ കേരപ്രഭയെന്ന പേരിൽ തുറവൂർ കേന്ദ്രമായി നാളികേര നഴ്‌സറിയും തുറന്നിട്ടുണ്ട്. കണ്ണൂർ ചെറുപുഴ തേജസ്വിനി നാളികേര ഫാർമേഴ്‌സ് കമ്പനിയിലെ കർഷകരുടെ തോട്ടങ്ങളിൽ നിന്ന് വിത്തുതേങ്ങയ്ക്ക് മാത്രമായി സമാഹരിച്ച തെങ്ങുകളിൽ നിന്ന് ശേഖരിച്ച വിത്തിൽ നിന്ന് തൈകൾ ഉത്പാദിപ്പിച്ചാണ് വിതരണമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ജി.ഗോപിനാഥ്, ട്രഷറർ ബിന്ദു രാജേന്ദ്രകൃഷ്ണൻ, കെ.സി. വർഗീസ് എന്നിവർ അറിയിച്ചു.