ചേർത്തല: നഗരസഭയിൽ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ അന്തിമാനുമതിയായി. ദേശീയപാതയ്ക്ക് കിഴക്കായി മരുത്തോർവട്ടം പൊതുശ്മശാനത്തിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സർക്കാർ ഭൂമിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. കളക്ടർ ഇതിന് അന്തിമാനുമതി നൽകിയെന്ന് നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അറിയിച്ചു.

സർക്കാർ അനുവദിച്ച 5.25 കോടി രൂപ വിനിയോഗിച്ചാണ് അത്യാധുധിക പ്ലാന്റ് സ്ഥാപിക്കുന്നത്. പരിസര–അന്തരീക്ഷ മലിനീകരണം തീരെയില്ലാതെ പരിസ്ഥിതി സൗഹൃദ പ്ലാന്റാണ് നിർമ്മിക്കുക. ദിവസം 50 ലോഡ് കക്കൂസ് മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. നഗരസഭയിലെയും താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെയും മാലിന്യസംസ്‌കരണ പ്രശ്‌നം പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ തുടങ്ങാനാകുമെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.