ആലപ്പുഴ: കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്കുള്ള സർക്കാർ ധനസഹായത്തിനുള്ള അപേക്ഷകൾ അടുത്തയാഴ്ച മുതൽ ജില്ലയിൽ സ്വീകരിക്കും. 50,000 രൂപയാണ് നഷ്ടപരിഹാരം. പട്ടിക ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം കളക്ടർക്ക് കൈമാറി.
അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്നതിനുള്ള പോർട്ടൽ ഇന്ന് തുറക്കും. 30 ദിവസത്തിനുള്ളിൽ തീർപ്പാക്കി നഷ്ടപരിഹാരം അപേക്ഷകന്റെ അക്കൗണ്ടിൽ ലഭ്യമാക്കും. റവന്യു വകുപ്പും ഐ.ടി വിഭാഗവും ചേർന്നാണ് പോർട്ടൽ തയ്യാറാക്കിയത്.
അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ ദുരന്തനിവാരണ വകുപ്പ് ലഭ്യമാക്കും. അക്ഷയ കേന്ദ്രങ്ങൾ വഴിയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ ദുരന്തനിവാരണ വിഭാഗം പരിശോധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തുക ഉടൻ ലഭിക്കും.
ജില്ലയിൽ മരണം 1967
ഔദ്യോഗിക കണക്ക് അനുസരിച്ച് ജില്ലയിൽ കൊവിഡ് മൂലം 1967 പേരാണ് മരിച്ചത്. കൊവിഡ് ഭേദമായി ഒരുമാസത്തിനുള്ളിൽ മരിച്ചാലും കൊവിഡ് മരണമായി പരിഗണിക്കണമെന്നാണ് സർക്കാർ നിർദേശം. ഇത്തരക്കാരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിവരികയാണ്. പ്രാദേശിക ആരോഗ്യ പ്രവർത്തകർ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. നിലവിലെ ലിസ്റ്റിൽ കൊവിഡ് പോസിറ്റീവായി വീടുകളിലോ സ്വകാര്യ ആശുപത്രികളിലോ ചികിത്സയിലിരിക്കെ മരിച്ചവർ ഉൾപ്പെട്ടിട്ടില്ല. ഇങ്ങനെയുള്ളവരുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്.
പരിശോധന ഇങ്ങനെ
1. അപേക്ഷകൾ വില്ലേജ് ഓഫീസർ പരിശോധിച്ച് റിപ്പോർട്ട് തഹസീൽദാർക്ക് കൈമാറും
2. തഹസീൽദാർ റിപ്പോർട്ട് ദുരന്തനിവാരണ വിഭാഗത്തിന് നൽകും
3. പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതി
4. മരിക്കുന്ന സമയത്ത് ആരുടെ സംരക്ഷണയിലാണോ അവർക്ക് അപേക്ഷിക്കാം
5. തർക്കമുണ്ടായാൽ അവകാശ സർട്ടിഫിക്കറ്റ് അനുസരിച്ച് ആനുകൂല്യം നൽകും
""
ഓൺലൈൻ അപേക്ഷ ഈ ആഴ്ച സ്വീകരിക്കും. പോർട്ടൽ ഇന്ന് തുറക്കും. ജില്ലയിൽ കൊവിഡ് മൂലം മരിച്ചവരുടെ പട്ടിക പോർട്ടലിൽ പരിശോധിച്ച് റവന്യൂ വിഭാഗം തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം വിതരണം ചെയ്യും.
ഡെപ്യൂട്ടി കളക്ടർ,
ദുരന്തനിവാരണ വിഭാഗം, ആലപ്പുഴ
""
വെള്ളിയാഴ്ച വരെ ഔദ്യോഗിക കണക്ക് അനുസരിച്ച് 1967 പേരാണ് മരിച്ചത്. പുതിയ മാനദണ്ഡം അനുസരിച്ച് ലിസ്റ്റ് തയ്യാറാക്കി വരുന്നു. ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. പരിശോധിച്ച് നടപടി സ്വീകരിക്കും.
ഡി.എം.ഒ, ആലപ്പുഴ