ചരിത്രത്തിലാദ്യമായി നടത്തിയ കെ.എ.എസ് പരീക്ഷയിൽ പൊതുവിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ മാലിനി. എസ് സംസാരിക്കുന്നു...
''ചുറ്റിലുമുള്ള ഒരുപാട് പ്രശ്നങ്ങൾ കാണുമ്പോൾ നൂതനമായ എന്തെങ്കിലും ആശയം തോന്നും. ആ ആശയത്തെക്കുറിച്ച് ചിന്തിക്കാനും സ്വപ്നം കാണാനും ഫേസ്ബുക്കിൽ എഴുതാനുമല്ലേ നമുക്ക് കഴിയൂ. ഒരു സിസ്റ്റത്തിന്റെ അകത്താണെങ്കിൽ നമുക്ക് ആ ആശയങ്ങൾ അവതരിപ്പിക്കാനും അതിനെക്കുറിച്ച് പഠിക്കാനും നടപ്പിലാക്കാനും കഴിയും. ലോകത്ത് നടക്കുന്ന പല പ്രശ്നങ്ങളേയും ഉദാഹരണമായി സ്ത്രീശാക്തീകരണം, കാലാവസ്ഥാവ്യതിയാനം പോലെയുള്ളവ... അവയെ സിസ്റ്റത്തിനകത്തു നിന്നുകൊണ്ട് ഒരു അന്തർദേശീയ കാഴ്ചപ്പാടോടെ സമീപിക്കണമെന്നാണ് എന്റെ ആഗ്രഹം."" ചരിത്രത്തിലാദ്യമായി നടന്ന കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പരീക്ഷയിൽ പൊതുവിഭാഗത്തിൽ ഒന്നാംറാങ്ക് നേടിയ മാലിനി വ്യക്തമായ ദിശാബോധത്തോടെ സംസാരിച്ചു തുടങ്ങി. ഇത്തവണത്തെ സിവിൽ സർവീസ് 135-ാം റാങ്കുകാരി കൂടിയായ മാലിനി മനസ് പറഞ്ഞ വഴിയിൽ പഠിച്ച് ലക്ഷ്യത്തിലെത്തിയ ഒരാളാണ്. പുതുതലമുറയിലെ കുട്ടികൾക്ക് തീർച്ചയായും ഒരുപാട് പാഠങ്ങൾ മാലിനി പറഞ്ഞു തരും.
അത്യാവശ്യം പഠിക്കുന്ന കുട്ടി
എന്റെ പഠനത്തെക്കുറിച്ച് ചോദിച്ചാൽ അത്യാവശ്യം പഠിക്കുന്ന കുട്ടി എന്നേ പറയാൻ കഴിയൂ. പത്താംക്ളാസ് വരെ പഠിച്ചത് മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലാണ്. പ്ളസ്ടു കായംകുളം എസ്.എൻ സെൻട്രൽ സ്കൂളിലായിരുന്നു. പത്താം ക്ളാസിൽ 89 ശതമാനം മാർക്കുണ്ടായിരുന്നു. ഹൈദരാബാദിൽ ഇംഗ്ളീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്സ് (ഇ.എഫ്.എൽ.യു) യൂണിവേഴ്സിറ്റിയിലായിരുന്നു ബി.എ ഇംഗ്ളീഷ് ലിറ്ററേച്ചറും എം.എ ലിംഗ്വിസ്റ്റിക്കും (ഭാഷാശാസ്ത്രം) പഠിച്ചത്. ഒരുപാട് അദ്ധ്യാപകരും ഡിപ്പാർട്ടുമെന്റുകളുമുള്ള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പഠിക്കണമെന്ന ആഗ്രഹം നേരത്തെ മനസിലുള്ളതുകൊണ്ട് അതൊക്കെ നേരത്തെ അന്വേഷിച്ചു വച്ചിരുന്നു. ഡൽഹി യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇ.എഫ്.എൽ.യു എന്നായിരുന്നു മനസിൽ. നേരത്തെ തന്നെ സെൻട്രൽ യൂണിവേഴ്സിറ്റികളെ കുറിച്ച് സെർച്ച് ചെയ്ത് മനസിലാക്കിയിരുന്നു. 2009 ലാണ് കോഴ്സിന് ചേർന്നത്. എഴുന്നൂറ് രൂപയായിരുന്നു അന്നത്തെ ഫീസ്. ഇന്നും അത് കൂടിയിട്ടില്ല. അച്ഛനും അമ്മയും വലിയ പിന്തുണയായിരുന്നു നൽകിയത്. നിർദ്ദേശങ്ങളല്ലാതെ പഠനത്തിൽ യാതൊരു നിയന്ത്രണങ്ങളുമില്ല. അഡ്വക്കേറ്റ് ആയ അച്ഛൻ പി. കൃഷ്ണകുമാർ എവിടെ പോയാലും കുറേ പുസ്തകങ്ങൾ വാങ്ങി കൊണ്ടുവരുമായിരുന്നു. അതുപോലെ, പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ച് പത്രങ്ങളിലും മറ്റും വന്ന ലേഖനങ്ങളും സംഘടിപ്പിച്ചു തരുമായിരുന്നു. അമ്മ ശ്രീലത അദ്ധ്യാപികയായിരുന്നു. പ്രിവിലേജിന്റെ ഭാഗമാണെങ്കിലും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും ഇഷ്ടമുള്ളത് പോയി പഠിക്കാനുമുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടായിരുന്നു. അയൽവീടുകളെ കണ്ടുള്ള സമ്മർദ്ദമുണ്ടായിട്ടില്ല. അതുകൊണ്ട് കൂടിയാണ് അനിയത്തി നന്ദിനി ഹിസ്റ്ററിയാണ് പഠിക്കാൻ ഇഷ്ടമെന്ന് ഏഴാം ക്ളാസിലേ വീട്ടിൽ പറഞ്ഞത്. അവളിപ്പോൾ ഹിസ്റ്ററിയിൽ പിഎച്ച്. ഡി ചെയ്യുകയാണ്.
എന്നെ രൂപപ്പെടുത്തിയ യൂണിവേഴ്സിറ്റി
എന്നെ ഞാനാക്കിയത് എന്റെ യൂണിവേഴ്സിറ്റിയാണ്. പ്രിവിലേജ്ഡ് ആയ ചുറ്റുപാടിനകത്തു നിന്ന് വളർന്ന ആളാണ് ഞാൻ. ഹൈദരബാദിലെത്തിയപ്പോഴാണ് സമൂഹത്തിൽ നമുക്കറിയാത്ത കുറേ കാര്യങ്ങളുണ്ടെന്ന സത്യം തിരിച്ചറിഞ്ഞത്. എന്റെ കണ്ണു തുറപ്പിച്ചത് യൂണിവേഴ്സിറ്റിയാണ്. ഒരുപാട് വായിക്കാനും മനസിലാക്കാനും ഒരേ വിഷയത്തിലുള്ള വിവിധ കാഴ്ചപ്പാടുകൾ മനസിലാക്കാനുമുള്ള അവസരം അവിടെയുണ്ടായിരുന്നു. എല്ലാ ക്ളാസിലും വിദേശ വിദ്യാർത്ഥികൾ കുറേ പേരുണ്ടായിരുന്നു. സാധാരണ ഒരു യൂണിവേഴ്സിറ്റി പോലെയല്ല, അവിടെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്ന വേർതിരിവുകളില്ല. എല്ലാവർക്കും തുല്യപരിഗണനയാണ്. പാർട്ടിസിപ്പന്റ്സ് എന്നാണ് പരസ്പരം പരിഗണിക്കുന്നത്. അദ്ധ്യാപകർ സുഹൃത്തുക്കളെ പോലെയാണ്. എം.എയ്ക്ക് നേരത്തെ നിശ്ചയിച്ച ഒരു സിലബസല്ല തരുന്നത്. കാഫറ്റേരിയ സിസ്റ്റമാണ്. നമുക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുത്ത് നമുക്ക് തന്നെ ടൈംടേബിൾ ഉണ്ടാക്കി പഠിക്കാം എന്ന രീതി. പത്തുനൂറ് കോഴ്സുണ്ട്. ഓരോ ആഴ്ച ഓരോ ക്ളാസിൽ പോയി ഇരുന്ന് ഇഷ്ടമുണ്ടെങ്കിൽ ആ വിഷയം എടുത്ത് പഠിക്കാം എന്ന രീതിയുമുണ്ട്. ബിരുദത്തിൽ എന്തു പഠിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അതോടൊപ്പം വ്യക്തിത്വം കൂടി രൂപപ്പെടുന്നു. പതിനേഴാം വയസിൽ അവിടെ എത്തിയപ്പോൾ പൈസ കൈകാര്യം ചെയ്യാൻ പോലും അറിയില്ലായിരുന്നു. പിന്നെ എല്ലാം പഠിച്ചു. നമ്മൾ കംഫർട്ട് സോണിന് പുറത്താകുമ്പോഴാണല്ലോ നമ്മുടെ ശക്തികൾ പുറത്തേക്ക് വരുന്നത്, സ്വാശ്രയശീലവും.
എം.എ കഴിഞ്ഞപ്പോൾ യൂണിവേഴ്സിറ്റിയിൽ ലക്ചർ ആയി ജോലി ചെയ്യണമെന്നായിരുന്നു മനസിൽ. ലോകം മുഴുവൻ സഞ്ചരിച്ച് പഠിപ്പിക്കണം. യൂണിവേഴ്സിറ്റിയിലെ സ്പാനിഷ് ഡിപ്പാർട്ടുമെന്റിൽ, രണ്ടുവർഷം ഇവിടെയും അടുത്ത രണ്ടുവർഷം ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കുന്ന അദ്ധ്യാപകരുണ്ടായിരുന്നു. അതിനിടെ സെൽട്ട (സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ളീഷ് ലാംഗ്വേജ് ടീച്ചിംഗ് ഫോർ അഡൽട്ട്) എന്ന കേംബ്രിഡ്ജ് നടത്തുന്ന ഒരു മാസത്തെ കോഴ്സ് ചെയ്തു. ഡൽഹിയിലെ ബ്രിട്ടീഷ് കൗൺസിലിലാണ് ആ കോഴ്സ് ചെയ്തത്. അതിനുശേഷം ഡൽഹിയിൽ തന്നെയുള്ള ഒരു പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തു. അവിടെ മൂന്നുവർഷ കരാറുണ്ടായിരുന്നു. ഇന്ത്യൻ ഫോറിൻ സർവീസ് എന്ന പദവി എന്റെ ആഗ്രഹങ്ങൾക്ക് ചേർന്നതാണെന്ന് മനസിലായപ്പോൾ 2017 ൽ ജോലി രാജിവച്ച് തിരുവനന്തപുരത്തെത്തി സിവിൽ സർവീസ് പരിശീലനത്തിന് ചേർന്നു. ഓരോ ദിവസവും ഇത്ര പഠിക്കും, ഇത്ര സബ്ജക്ട് കവർ ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു. ടൈംടേബിൾ ഇല്ലെങ്കിൽ പഠനം എവിടെയും എത്തില്ല. എല്ലാം പഠിച്ച് യു.പി.എസ്.സി പരീക്ഷയ്ക്ക് ഒരുങ്ങുന്നത് ലോജിക്കല്ല. ഒരു വിഷയത്തിന് ഒരു പുസ്തകം മാത്രമേ ഞാൻ നോക്കിയുള്ളൂ. അല്ലെങ്കിൽ വായിച്ചു തീരില്ല. നേടണമെന്ന് അതിയായ ആഗ്രഹമുള്ളതിനാലാണ് ആദ്യ പരിശ്രമങ്ങൾക്കുശേഷവും മുന്നോട്ട് പോയത്. രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന ഉത്തരവാദിത്തം എനിക്ക് വേണമായിരുന്നു. മറ്റേതു പ്രൊഫഷനിൽ പോയാലും സിവിൽ സർവീസ് കിട്ടിയില്ലല്ലോ എന്ന കുറ്റബോധം ഉണ്ടാകാനും ഞാൻ ആഗ്രഹിച്ചില്ല.
അറിയില്ലെങ്കിൽ പറയാം
യു.പി.എസ്.സി അഭിമുഖത്തിൽ ആഗോളതാപനത്തിന്റെ ഡാറ്റ താരതമ്യം ചെയ്യാനുള്ള ചോദ്യമുണ്ടായിരുന്നു. അറിയില്ല എന്ന് തന്നെ പറഞ്ഞു. അഭിമുഖത്തിന് മുമ്പ് ഉത്തരം അറിയില്ലെങ്കിൽ അങ്ങനെ തന്നെ പറയുക എന്ന് ബോർഡ് ചെയർപേഴ്സൺ വ്യക്തമാക്കിയിരുന്നു. ഉദ്യോഗാർത്ഥികളുടെ അറിവ് പ്രിലിംസിലും മെയിൻ പരീക്ഷയിലും പരിശോധിച്ചു കഴിഞ്ഞതാണ്, വ്യക്തിത്വം അളക്കുന്നതിനാണ് അഭിമുഖം. നമ്മൾ ആരാണ്, നമ്മുടെ കഴിവ് എന്താണെന്ന് തെളിയിച്ചു കഴിഞ്ഞാൽ മുന്നോട്ട് പോകാം. യു.പി.എസ്.സിയ്ക്ക് പഠിച്ച എല്ലാ കാര്യങ്ങളും ചോദിച്ചത് കെ.എ.എസിനാണ്. കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് കെ.എ.എസിൽ കൂടുതലും പ്രതീക്ഷിച്ചതെങ്കിലും ഇന്ത്യ, അന്തർദേശീയം തുടങ്ങിയ മേഖലകളിൽ നിന്നായിരുന്നു ധാരാളം ചോദ്യങ്ങൾ. എന്നാൽ യു.പി.എസ്.സിയിൽ തിരിച്ച് കുറേ കൂടി കേരളം അടിസ്ഥാനമാക്കിയ ചോദ്യങ്ങളായിരുന്നു. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് രണ്ടിടത്തും ചോദ്യങ്ങളുണ്ടായിരുന്നു. ഹൈക്കോടതിയിൽ ജോലി ചെയ്യുന്നതുകൊണ്ടാവണം ജുഡീഷ്യറിയുടെ കൊളിജിയം സിസ്റ്റത്തെക്കുറിച്ചുള്ള അഭിപ്രായവും അതെങ്ങനെ കൂടുതൽ ഫലപ്രദമാക്കാം എന്നും യു.പി.എസ്.സി അഭിമുഖത്തിൽ ചോദിച്ചു. പഠനത്തിന്റെ തിരക്കിനിടയിലും ഹൈക്കോടതി അസി. പരീക്ഷ എഴുതിയിരുന്നു. കഴിഞ്ഞവർഷം ജൂലായിൽ നിയമന ഉത്തരവും കിട്ടി. അവിടെ നിന്നും ഒരുവർഷത്തെ ലീവ് കിട്ടിയത് ഏറെ പ്രയോജനപ്പെട്ടു.
നമ്മുടെ നാട്ടിൽ ചരിത്രത്തിലാദ്യമായി നടന്ന പരീക്ഷയുടെ ഭാഗമാകുന്നത് അഭിമാനമാണല്ലോ. മാത്രമല്ല, യു.പി.എസ്.സിയുടെ സിലബസുമായും കെ.എ.എസ് സിലബസിന് സാമ്യമുണ്ടായിരുന്നു. കേരളചരിത്രം, ഭൂമിശാസ്ത്രം, സമ്പദ് ഘടന, സാഹിത്യം എന്നിവയാണ് കൂടുതൽ പഠിക്കേണ്ടവ. കെ.എ.എസ് പരീക്ഷയും ഇന്റർവ്യൂവും ബുദ്ധിമുട്ടായിരുന്നില്ല. അഭിമുഖത്തിന്റെ അവസാനം എന്നോട് ഒരു കവിത ചൊല്ലാൻ പറഞ്ഞത് അപ്രതീക്ഷിതമായിരുന്നു. യു.പി.എസ്.സിയുടെ സർവീസ് അലോക്കേഷൻ അടുത്തമാസം വരും. ഇന്ത്യൻ ഫോറിൻ സർവീസ് കിട്ടുമോ എന്ന് നോക്കണം. അതുകഴിഞ്ഞ് ഭാവിപരിപാടികൾ തീരുമാനിക്കും. കെ.എ.എസിനെക്കുറിച്ച് ഇപ്പോൾ ഒന്നും ആലോചിച്ചിട്ടില്ല.
പ്രചോദിപ്പിച്ചവർ
പുസ്തകങ്ങൾക്കിടയിൽ വളർന്ന ഒരാളാണ് ഞാൻ. അപ്പൂപ്പൻ എരുമേലി പരമേശ്വരൻ പിള്ള സാഹിത്യകാരനായിരുന്നു. വീട്ടിൽ ലൈബ്രറിയുണ്ടായിരുന്നു. എല്ലാവരും നന്നായി വായിക്കുന്നത് കണ്ടാണ് ഞാനും വായനയിലേക്ക് കടന്നത്. അദ്ധ്യാപനരംഗത്തുള്ള കുറേപേർ വീട്ടിലും തറവാട്ടിലുമുണ്ട്. വായനയിൽ കൂടി ആണ് അക്ഷരങ്ങളോടും ഇഷ്ടം വന്നത്. മാതൃക ആരെന്ന് ചോദിക്കുമ്പോൾ ആരും പരിപൂർണരല്ലല്ലോ. എന്നെ പ്രചോദിപ്പിച്ചവർ ഇന്ത്യയിലെ ആദ്യത്തെ അദ്ധ്യാപിക എന്ന് വിശേഷിപ്പിക്കാവുന്ന മഹാരാഷ്ട്രയിലെ സാമൂഹ്യ പ്രവർത്തക സാവിത്രി ഭായ് ഫൂലേ, അമേരിക്കയിലെ ജഡ്ജ് റൂത്ത് ബെയ്ഡർ ജിൻസ് ബർഗ്, പിന്നെ നമ്മുടെ ചുറ്റിനുമുള്ള എല്ലാ സ്ത്രീകൾ പ്രത്യേകിച്ച് നമ്മുടെ കുടുംബശ്രീ പോലെയുള്ള സംരംഭങ്ങളിലെ സ്ത്രീകൾ എന്നിവരാണ്. ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളും എന്നെ പ്രചോദിപ്പിക്കുന്നുണ്ട്.