ആലപ്പുഴ: രേഖകളും വിശദമായ പ്ളാനും നൽകി ഒരാഴ്ച പിന്നിട്ടിട്ടും ആലപ്പുഴ ബീച്ചിൽ പ്രദർശിപ്പിക്കാനുള്ള ഇന്ത്യൻ നാവിക സേനയുടെ ഡീകമ്മിഷൻ ചെയ്ത ഫസ്റ്റ് അറ്റാക്ക് ക്രാഫ്ട് ടി 81 (ഐ.എൻ.എഫ്.എ.സി ടി 81) യുദ്ധക്കപ്പൽ വഹിച്ചുള്ള വാഹനം ബൈപ്പാസിലൂടെ സഞ്ചരിക്കുന്നതിന് ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ അനുമതി നൽകിയില്ല.
വാഹനം കടന്നുപോകുമ്പോഴോ ബീച്ചിന് സമീപം ക്രെയിൻ ഉപയോഗിച്ച് ഇറക്കുമ്പോഴോ ബൈപ്പാസിന് ബലക്ഷയം ഉണ്ടാകുമോയെന്ന ഭയമാണ് ഉദ്യോഗസ്ഥരെ ഉത്തരവാദിത്വത്തിൽ നിന്ന് പിൻമാറ്റുന്നത്. ഏതെങ്കിലും തരത്തിൽ ബലക്ഷയം ഉണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് സർക്കാർ ഏജൻസിയായ മുസിരിസ് പൈതൃക പദ്ധതി അധികൃതർ രേഖാമൂലം ഏഴുതി നൽകിയെങ്കിലും അനുമതി വൈകുകയാണ്.
ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യയുടെ പ്രോജക്ട് ഓഫീസർ പരിശോധന നടത്തിയ റിപ്പോർട്ടിൽ ഭാരമേറിയ വാഹനം കയറുന്നതിന് കുഴപ്പമില്ലെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്താമാക്കിയിട്ടുണ്ട്. എന്നാൽ എക്സിക്യുട്ടീവ് എൻജിനിയർ അതോറിട്ടി ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ അതോറിട്ടിയുടെ സാങ്കേതിക വിഭാഗം പരിശോധന നടത്തണമെന്ന് നിർദേശിച്ചു. ഇതാണിപ്പോൾ അനുമതി വൈകിപ്പിക്കുന്നത്.
പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ ദിവസം കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കപ്പൽ കൊണ്ടുവരുന്ന ഏജൻസി സമർപ്പിച്ച അപേക്ഷയ്ക്കൊപ്പം വിശദമായ പ്ലാൻ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് ദേശീയപാത അതോറിറ്റി പ്രതിനിധി ചൂണ്ടിക്കാട്ടി. വിശദമായ പ്ളാൻ ചിത്രം സഹിതം നൽകിയിട്ടുണ്ടെന്ന് കമ്പനി അധികൃതരും പൈതൃക പദ്ധതി പ്രതിനിധികളും വ്യക്തമാക്കി. ബൈപ്പാസ് ഉപയോഗിക്കുന്ന ഭാഗത്ത് കപ്പലുമായുള്ള വാഹനം പാർക്ക് ചെയ്യുന്നതും ക്രൈയിൻ സ്ഥാപിച്ച് താഴെയിറക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.
ആശങ്കയുടെ കാർമേഘം
1. കപ്പലുമായി വരുന്ന ഭാരമേറിയ വാഹനം കയറിയാൽ ബൈപ്പാസിന് ബലക്ഷയം ഉണ്ടാകുമെന്ന് ആശങ്ക
2. ഇതാണ് ഉദ്യോഗസ്ഥർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്
3. ഭിന്നാഭിപ്രായത്തെ തുടർന്ന് പ്ളാനിന്റെയും ചിത്രങ്ങളുടെയും പകർപ്പ് കളക്ടർക്ക് കൈമാറും
4. അതോറിട്ടി സാങ്കേതിക വിഭാഗം പരിശോധ നടത്തും
5. ഇതിന് ശേഷമേ ഡയറക്ടർ അനുമതി നൽകുകയുള്ളു
അനുമതിക്കായി കാത്തിരിപ്പ്
തടസങ്ങൾ മാറി വൈകാതെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കരാറുകാരും മുസിരിസ് പൈതൃക പദ്ധതി അധികൃതരും. നേരത്തെ റോഡ് മാർഗം കപ്പൽ എത്തിക്കുന്നതിനാണ് ഉദ്ദേശിച്ചിരുന്നത്. റെയിൽവേ ലെവൽ ക്രോസിലൂടെ കടത്തിക്കൊണ്ട് പോകാൻ സമർപ്പിച്ച അപേക്ഷയിൽ റെയിൽവേ അനുമതി നൽകാതിരുന്നതിനാലാണ് ബൈപ്പാസ് ഉപയോഗിക്കാൻ തീരുമാനിച്ചത്.
കപ്പലിന്റെ ഭാരം: 60 ടൺ
ഇരുമ്പ് ചക്രങ്ങൾ ഇളക്കിമാറ്റിയപ്പോൾ: 50 ടൺ
ക്രെയിനിന്റെ ശേഷി: 300 ടൺ
""
ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ ആവശ്യപ്പെട്ട മുഴുവൻ രേഖകളും സമർപ്പിച്ചു. ഇതിന് പുറമേ ബൈപ്പാസിൽ നിന്ന് കപ്പൽ താഴെയിറക്കുമ്പോൾ എന്ത് നഷ്ടം ഉണ്ടയാലും ഉത്തരവാദിത്തം ഏറ്റെടുക്കും. കാലപ്പഴക്കമില്ലാത്ത ബൈപ്പാസിൽ ആശങ്കയുടെ പേരിൽ അനുമതി വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്.
പി.എം. നൗഷാദ്, എം.ഡി
മുസിരിസ് പൈതൃക പദ്ധതി