അമ്പലപ്പുഴ: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ഉൾക്കാഴ്ചയുടെ കരുത്തിൽ രൂപേഷിന് ഒന്നാം റാങ്ക് തിളക്കം. ആലപ്പുഴ കുതിരപ്പന്തി സ്വദേശിയും അദ്ധ്യാപകനുമായ എച്ച്. രൂപേഷാണ് കാഴ്ചയില്ലായ്മയെ തോൽപ്പിച്ച് കെ.എ.എസ് പരീക്ഷയിൽ ലോ വിഷൻ കാറ്റഗറിയിൽ ഒന്നാം റാങ്ക് നേടിയത്.
90 ശതമാനം കാഴ്ചയില്ലായ്മയെ അതിജീവിച്ചാണ് നേട്ടം കൈവരിച്ചത്. നിലവിൽ പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് അദ്ധ്യാപകനാണ്. ബിരുദ പഠനത്തിന് ശേഷമാണ് കാഴ്ച പൂർണമായും നഷ്ടമായത്. ബി.കോം, എം.കോം, നെറ്റ്, സെറ്റ് പരീക്ഷകളിലും മികച്ച വിജയം നേടിയിരുന്നു. പരിശീലന ക്ളാസുകളിൽ പങ്കെടുക്കാതെയാണ് രൂപേഷ് പരീക്ഷ എഴുതിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു എച്ച്.എസ്.എസ് അദ്ധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി വിധി വന്നത്. ഹരിപ്പാട് ഗേൾസ് ഹൈസ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനായ ലാലാണ് കോടതിയിൽ നിന്ന് വിധി സമ്പാദിച്ചത്. പിന്നീട് പത്ത് ദിവസത്തിനുള്ളിൽ പ്രിലിമിനറി പരീക്ഷയും തുടർന്ന് ഏഴ് ദിവസത്തിനുള്ളിൽ മെയിൻ പരീക്ഷയും എഴുതി.
സഹഅദ്ധ്യാപകരായ ശാലിനി, സുജ, സൗമ്യ , സുഷമ എന്നിവരാണ് പുസ്തകങ്ങൾ വായിച്ചും ചർച്ചകൾ നടത്തിയും സഹായിച്ചിരുന്നത്. മൂന്ന് വർഷത്തെ യു.പി.എസ്, 13 വർഷത്തെ എച്ച്.എസ്.എസ് അനുഭവവും കരുത്തായി. ഭാര്യ: മഞ്ജു.
""
ഭിന്നശേഷി വിദ്യാർത്ഥികളുടെ റോൾ മോഡലാകണമെന്നാണ് ആഗ്രഹം. മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് കോടതി വിധി തങ്ങൾക്കനുകൂലമായത്.
എച്ച്. രൂപേഷ്