ആലപ്പുഴ: എ - സി റോഡിൽ നിർമ്മിക്കുന്ന മേൽപാലങ്ങളുടെ പുതിയ ഡിസൈൻ അംഗീകാരത്തിനായി ഇന്ന് സമർപ്പിച്ചേക്കും. പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശ പ്രകാരം 10ന് മുമ്പായി ഡിസൈൻ സമർപ്പിക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നത്.
കളർകോട് പക്കി പാലത്തിന്റെ നടപ്പാത നിർമ്മാണം പുരോഗമിക്കുകയാണ്. പാലം സ്ലാബ് കോൺക്രീറ്റിംഗ് പൂർത്തിയായി. നിലവിൽ ഒന്നാങ്കര പാലത്തിനും പണ്ടാരക്കുളം പാലത്തിനും മദ്ധ്യേ അഞ്ച് മേൽപാലങ്ങളാണ് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. മേൽപാലത്തിന്റെ മദ്ധ്യഭാഗത്തെ സ്പാനും നിലവിലെ റോഡുമായി രണ്ട് മീറ്റർ ഉയരമായിരുന്നു ആദ്യ ഡിസൈനിലുണ്ടായിരുന്നത്.
പൊതുമരാമത്ത് മന്ത്രിയുടെ സന്ദർശനത്തിനു ശേഷം ഇതു നാലര മീറ്ററായി പുതുക്കി നിശ്ചയിച്ചതോടെയാണ് ഡിസൈനിൽ മാറ്റം വരുത്തുന്നത്. മാറ്റം വരുത്തുന്ന ഡിസൈൻ അംഗീകാരം ലഭിച്ചാലുടൻ നിറുത്തി വച്ച മങ്കൊമ്പ് തെക്കേക്കര ഭാഗത്ത് നിർമ്മിക്കുന്ന മേൽപാലത്തിന്റെ പൈലിംഗ് ജോലികൾ തുടങ്ങും.
പരിശോധനയ്ക്ക് ശേഷം കെ.എസ്.ടി.പിക്ക് കൈമാറുന്ന ഡിസൈനിന് സർക്കാരിന്റെ അംഗീകാരം വാങ്ങി നിർമ്മാണം ഉടൻ ആരംഭിക്കും. അടുത്തയാഴ്ച നിർമ്മാണം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
മണ്ണ് പരിശോധന ആരംഭിച്ചു
പള്ളാത്തുരുത്തി പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിന്റെ ഡിസൈൻ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള മണ്ണ് പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കിടങ്ങറ, നെടുമുടിയിൽ പൈലിങ്ങിന് ഒരുക്കം തുടങ്ങി. നെടുമുടി പാലത്തിന്റെ മണ്ണ് പരിശോധന പൂർത്തിയാക്കി. വിവിധ ഇടങ്ങളിൽ കലുങ്ക്, ഓട നിർമ്മാണവും തുടരുന്നു. മനയ്ക്കച്ചിറയിലും മാമ്പുഴക്കരിയിലുമാണ് കലുങ്ക് നിർമ്മാണം. രാമങ്കരിയിലും കളർകോടും കാണ നിർമ്മാണങ്ങളും പുരോഗമിക്കുന്നു. കിടങ്ങറ പാലത്തിന്റെ പൈലിങ്ങും ആരംഭിച്ചിട്ടുണ്ട്.