ആലപ്പുഴ: ചെറിയ മഴയിൽ പോലും റോഡ‌് വെള്ളത്തിൽ മുങ്ങുന്നതിനാൽ എട്ട് വർഷത്തിലേറെയായി നാൽപ്പത് കുടുംബങ്ങൾ യാത്രാദുരിതത്തിൽ. പൂന്തോപ്പ് വാർഡിലെ പട്ട മുക്കിന് സമീപത്തെ പതിയിൽ റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്.
തുമ്പോളി പള്ളിക്ക് സമീപത്തെ കലുങ്കിനോട് ചേർന്ന് ആരംഭിക്കുന്ന റോഡിന് 150 മീറ്റർ ദൈർഘ്യമാണുള്ളത്. റോഡ് സമീപത്തെ പറമ്പുകളും താഴ്ന്നുകിടക്കുകയാണ്. കുട്ടികൾ ഉൾപ്പെടെയുള്ളവർ വെള്ളം നീന്തിവേണം യാത്ര ചെയ്യാൻ. കാണയോട് കൂടിയ റോഡ് നിർമ്മിക്കണമെന്ന് പ്രദേശവാസികൾ വാർഡ് ഗ്രാമസഭയിൽ വർഷങ്ങളായി ആവശ്യപ്പെടാറുണ്ടെങ്കിലും അവഗണന തുടരുകയാണ്. റോഡ് പുനർനിർമ്മാണത്തിന് രാഷ്ട്രീയത്തിന് അതീതമായി പ്രത്യക്ഷ സമരവുമായി രംഗത്ത് എത്താനാണ് പ്രദേശവാസികളുടെ തീരുമാനം.
കോൺഗ്രസ് പ്രതിഷേധം
വെള്ളക്കെട്ടിന് പരിഹാരം തേടി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളത്തിലിരുന്ന് പ്രതിഷേധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ടോമി കല്ലറക്കൽ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് എസ്. ഗിരീഷൻ, ജിജി സന്തോഷ്, ബെന്നി വാടക്കുഴി, സലിം കുമാർ, പോൾ കൈപ്പള്ളിൽ, സിബു ജോൺ, ബാബു വള്ളികാടൻ, ത്രേസ്യാമ്മ ഫ്രാൻസിസ്, ബാബു പറപ്പള്ളി, പി.എസ്.എം. അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
"
റോഡ് പുനരുദ്ധാരണ പ്രവർത്തനം നടത്തുന്നതിന് ആവശ്യമായ ഫണ്ട് ലഭിക്കും വരെ സമരം നടത്തും. എട്ടുവർഷമായി 40 കുടുംബങ്ങളാണ് ദുരിതവെള്ളം നീന്തുന്നത്.
സന്തോഷ്, പ്രദേശവാസി