arrest

# പതിനഞ്ചോളം അബ്കാരി കേസുകളിൽ പ്രതി

കായംകുളം: പതിനഞ്ചോളം അബ്കാരി കേസുകളിൽ പ്രതിയായ വീട്ടമ്മയെ മദ്യവില്പനക്കിടയിൽ അറസ്റ്റ് ചെയ്തു. പത്തിയൂർ കിഴക്ക് സുജാ ഭവനത്തിൽ അമ്മിണിയെയാണ് (65) എക്സൈസ് അറസ്റ്റ് ചെയ്തത്. ആവശ്യക്കാർക്ക് ചെറിയ കുപ്പികളിലാക്കിയും അല്ലാതെയുമാണ് വില്പന. രണ്ട് ലിറ്ററോളം മദ്യം പിടിച്ചെടുത്തു. വീടിന് സമീപത്തെ കാലിത്തൊഴുത്തിൽ മദ്യം സൂക്ഷിക്കുന്നതിന് തയ്യാറാക്കിയ രഹസ്യ അറയും കണ്ടെത്തി. ഹരിപ്പാട് എക്സൈസ് സി.ഐയും സംഘവും എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായിട്ടായിരുന്നു റെയ്ഡ് നടത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ അംബികേശൻ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത്, ഷിബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ രശ്മി, ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.