മാന്നാർ: പരുമല സിൻഡസ്‌മോസ് പബ്ലിക് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഫാത്തിമ മുഹമ്മദ് നിസാമിന്റെ 'ആഷസ് ടു ഫയർ' എന്ന ഇംഗ്ളീഷ് കവിതാസമാഹാരം ഇന്ന് പ്രകാശനം ചെയ്യും. മൂന്ന് വർഷം കൊണ്ട് മുന്നൂറോളം ഇംഗ്ലീഷ് കവിതകളാണ് മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കുട്ടംപേരൂർ പുത്തൻ ബംഗ്ലാവിൽ പ്രവാസിയായ നിസാം- ഹസീന ദമ്പതികളുടെ മകളായ ഫാത്തിമയുടെ തൂലികത്തുമ്പിൽ വിരിഞ്ഞത്. തിരഞ്ഞെടുത്ത എഴുപത്തിയഞ്ച് കവിതകളുടെ സമാഹാരമാണ് 'ആഷസ് ടു ഫയർ'. പിൻ വെന്റ് പബ്ലിക്കേഷൻസാണ് പ്രസാധകർ. ഫാത്തിമ മുഹമ്മദ് നിസാം ജനിച്ചതും വളർന്നതും ഷാർജയിലായിരുന്നു. പത്താം ക്ലാസ് വരെ ഷാർജ അൽ അമീർ ഇംഗ്ലീഷ് സ്‌കൂളിലായിരുന്നു പഠനം. ഒമ്പതാം ക്ലാസിൽ വെച്ച് ഷാർജയിലെ സ്‌കൂൾ മാഗസിനിലേക്ക് കവിത എഴുതിയാണ് തുടക്കം. അദ്ധ്യാപകരുടെയും സഹപാഠികളുടെയും അഭിനന്ദനങ്ങൾ ഫാത്തിമക്ക് കവിതാ രചനയിൽ പ്രചോദനമായി. ഇതേ സ്‌കൂളിലെ അധ്യാപികയായിരുന്ന മാതാവ് ഹസീന നിസാമും സിവിൽ എൻജിനീയറായ പിതാവ് നിസാമും മകൾക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകി. ഇന്ന് രാവിലെ 11.30ന് മാന്നാർ യു.ഐ.ടി കോളേജ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ സിൻഡസ്‌മോസ് പബ്ലിക്ക് സ്‌കൂൾ പ്രിൻസിപ്പൾ ദീപ്തി നായർക്ക് കവിതാ സമാഹാരം നൽകി പ്രകാശനം നിർവ്വഹിക്കും. യു.ഐ.ടി പ്രിൻസിപ്പൽ ഡോ. വി.പ്രകാശ് അധ്യക്ഷത വഹിക്കും.ഒ.എസ്.ഉണ്ണിക്കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.ഷിഫാന പി.എ പുസ്തകം പരിചയപ്പെടുത്തും.