#പത്തിയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: വില്ലേജ് ഓഫീസുകളെ പൂർണമായും ജനപ്രിയ കേന്ദ്രങ്ങളാക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. പത്തിയൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീസുകളുടെ പ്രവർത്തനത്തിൽ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഘടനാപരമായ മാറ്റങ്ങൾ പരിഗണനയിലാണ്.

കെട്ടിടങ്ങൾക്കും സംവിധാനങ്ങൾക്കുമൊപ്പം വില്ലേജ് ഓഫീസുകളുടെ പ്രവർത്തനവും സ്മാർട്ടാകണം. ജനങ്ങളുടെ ആവശ്യങ്ങളിൽ സമയബന്ധിതമായി നടപടി ഉണ്ടാകണം. സേവനങ്ങൾ പൂർണമായും ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലാകണം. കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പു കൽപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ഇത്തരം ഫയലുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അതിവേഗം ലഭ്യമാക്കാൻ ഉതകുന്ന ഡിജിറ്റൽ സംവിധാനം അടുത്ത വർഷത്തോടെ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കലക്ടർ എ.അലക്സാണ്ടർ, കായംകുളം നഗരസഭാദ്ധ്യക്ഷ പി.ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, എ.ഡി.എം. ജെ.മോബി, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.ഉഷ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മണി വിശ്വനാഥ്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീലേഖ അനിൽകുമാർ എന്നിവർ പങ്കെടുത്തു.