ആലപ്പുഴ: സംസ്ഥാനത്തെ കോഴി കർഷകരോടുള്ള അന്യസംസ്ഥാന തീറ്റകമ്പനികളുടെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്ന് ആൾ കേരളാ പൗൾട്രി ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപെട്ടു. കോഴിത്തീറ്റയുടെ അസംസ്‌കൃത വസ്തുക്കൾക്ക് വില കുറഞ്ഞിട്ടും കേരളത്തിലേക്ക് അയക്കുന്ന തീറ്റയ്ക്ക് വില കുറയ്ക്കാത്ത കമ്പനികളുടെ നടപടി പ്രതിഷേധാർഹമാണ്. തമിഴ് നാട്ടിലും കർണ്ണാടകയിലും ഒരു ചാക്കിൻമേൽ ഇരുനൂറ്റമ്പത് രൂപ വരെ കുറച്ചപ്പോൾ കേരളത്തിലേക്ക് അയയ്ക്കുന്ന കോഴിത്തീറ്റയ്ക്ക് വില കുറയ്ക്കുവാൻ കമ്പനികൾ തയ്യാറായിട്ടില്ല. കേരളത്തിലേയ്ക്ക് വരുന്ന കോഴിത്തീറ്റയ്ക്ക് ഗുണ നിലവാരം കുറവാണെന്ന കർഷകരുടെ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ, ജനറൽ സെക്രട്ടറി എസ്.കെ.നസീർ, ട്രഷറർ ആർ.രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.