ചേർത്തല: ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്റി പി. പ്രസാദ് പറഞ്ഞു. സ്‌കൂളിലെ നിലവിലെ സ്ഥിതി സംബന്ധിച്ച് അദ്ധ്യാപകരും നഗരസഭ അധികൃതരുമായി സംസാരിക്കുകയായിരുന്നു മന്ത്റി.
ശോച്യാവസ്ഥ സംബന്ധിച്ച് സ്‌കൂൾ അധികൃതർ മുൻപ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്റിയുമായി നേരിട്ട് ചർച്ചകൾ നടത്തിയിരുന്നു. ചാരമംഗലം സംസ്‌കൃത സ്‌കൂളും,ശ്രീനാരായണ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാക്കാൻ തീരുമാനമായിരുന്നു. ഇക്കാര്യം ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ ഉറപ്പു നൽകിയിട്ടുണ്ടെന്നും മന്ത്റി പറഞ്ഞു.10 ദിവസത്തിനുള്ളിൽ ക്ലാസുകൾ പൂർണ സജ്ജമാക്കണം. ശോചനീയാവസ്ഥ സംബന്ധിച്ച് നിവേദനം മാത്രം തന്നതല്ലാതെ സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നും തുടർ അന്വേഷണങ്ങളൊന്നും ഉണ്ടായില്ല.
വരുന്ന തിങ്കളാഴ്ച 13 ക്ലാസ് മുറികളെ കുറിച്ചും വ്യക്തമായ രൂപരേഖ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി 13 ക്ലാസ് മുറികളാണ് സ്‌കൂളിൽ ആവശ്യമായുള്ളത്. ഇതിൽ ഏഴെണ്ണം മാത്രമാണ് ഉപയോഗയോഗ്യമായിട്ടുള്ളത്. ബാക്കി 6 ക്ലാസ് മുറികൾക്ക് കൊവിഡ് വാക്‌സിനേഷൻ നടക്കുന്ന ഹാൾ സജ്ജമാക്കണം. ബാക്കി ആവശ്യമായ 2 ക്ലാസുകൾക്ക് പഴയ കെട്ടിടം ഉപയോഗയോഗ്യമാണോ എന്ന് എൻജിനീയർമാരുടെ സാന്നിധ്യത്തിൽ പരിശോധിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പഠനത്തിനായി സജ്ജമാക്കണം . അടിയന്തരമായി നടത്തേണ്ട ക്രമീകരണങ്ങൾക്ക് പൊതു സമൂഹത്തിന്റെ കൂടി സഹായം സ്വീകരിക്കാമെന്നും ഇതിന് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും മന്ത്റി പറഞ്ഞു. മുൻ മന്ത്റി പി.തിലോത്തമന്റെ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ മുടക്കി നിർമ്മിക്കുന്ന പുതിയ കെട്ടിടം പൂർത്തിയായി വരുന്ന തേയുള്ളു.
ചേർത്തല ടൗൺ എൽ.പി.എസിൽ നബാർഡിൽ നിന്നും 5 കോടി രൂപ ചിലവിൽ കെട്ടിടം നിർമ്മിയ്ക്കുമെന്നും മന്ത്റി പറഞ്ഞു.യോഗത്തിൽ ചേർത്തല മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വാർഡ് കൗൺസിലർമാരായ രാജശ്രീ ജ്യോതിഷ്, ഷീജ സന്തോഷ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ടി. ലെയ്ജു മോൾ, സീനിയർ അസിസ്റ്റന്റ് കെ. ബിന്ദു,അദ്ധ്യാപകരായ ശിവരാമകൃഷ്ണൻ, വി. വിജു, സ്റ്റാഫ് സെക്രട്ടറി എൻ.ദിലീപ്, പി.ടി.എ പ്രസിഡന്റ് ഉഷൈബ ബീവി എന്നിവരും പങ്കെടുത്തു.