a
മന്ത്രി സജി ചെറിയാന്‍ മാലിനിക്ക് ഉപഹാരവും മധുരവും കൈമാറുന്നു

മാവേലിക്കര: രക്ഷിതാക്കൾ കുട്ടികളെ സ്വപ്‌നം കാണാൻ ശീലിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ 135ാം റാങ്കും കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ ചെട്ടികുളങ്ങര സ്വദേശിനി എസ്.മാലിനിക്ക് സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെട്ടികുളങ്ങര വ്യാപാര ഭവനിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് പഠിക്കാനും ലക്ഷ്യബോധത്തോടെ ചിന്തിക്കാനുമുള്ള അന്തരീക്ഷം വീടുകളിൽ സൃഷ്ടിക്കണം. മാലിനിയെ സംസ്ഥാന സർക്കാരിന്റെ അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. മാലിനിക്ക് മന്ത്രി ഉപഹാരവും മധുരവും കൈമാറി. എ.എം ആരിഫ് എം.പി, യു.പ്രതിഭ എം.എൽ.എ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, ചെട്ടികുളങ്ങര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.ശ്രീജിത്ത്, എസ്.സുനിൽ കുമാർ എന്നിവരും ഉപഹാരങ്ങൾ കൈമാറി. സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ജി.ഹരിശങ്കർ, എ.മഹേന്ദ്രൻ, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ്, ജി.അജിത്ത്, മാലിനിയുടെ പിതാവ് അഡ്വ.പി.കൃഷ്ണകുമാർ, മാതാവ് ശ്രീലത, ജി.രാജു എന്നിവർ പങ്കെടുത്തു. എസ്.സുനിൽകുമാർ സ്വാഗതം പറഞ്ഞു. അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ അംഗത്വം മാലിനിക്ക് നൽകി. ചെട്ടികുളങ്ങര തെക്ക് മേഖലയുടെ അംഗത്വ വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.