# വകയിരുത്തിയത് 42 ലക്ഷം
വള്ളികുന്നം: ഐതീഹ്യങ്ങളിൽ ഇടം നേടിയ രാമൻചിറ നവീകരണത്തിന് ഒരുങ്ങുന്നു. 42 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. വള്ളികുന്നം പള്ളം -ചത്തിയറ റോഡരുകിൽ നാലേക്കർ വിസ്തൃതിയിലാണ് ചിറ സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ തെക്കൻ മേഖലയിലെ മികച്ച ടൂറിസം കേന്ദ്രമാണിവിടം.
2019ലാണ് ജലസേചന വകുപ്പ് പദ്ധതി ടെണ്ടർ ചെയ്ത് കരാർ നൽകിയത്. എന്നാൽ കരാറുകാരന്റെ അനാസ്ഥയും കാലാവസ്ഥ വ്യതിയാനവുമാണ് നിർമ്മാണം വൈകാൻ ഇടയാക്കിയത്. ചിറയോട് ചേർന്ന് കുടിവെള്ള പദ്ധതിയുടെ കുഴൽ കിണറുമുണ്ട്. വള്ളികുന്നത്തിന്റെ കിഴക്കൻ മേഖലയിലേക്ക് ഇവിടെ നിന്നാണ് കുടിവെള്ളം എത്തിക്കുന്നത്.
കണ്ണഞ്ചാൽ പുഞ്ചയിലേക്ക് നെൽകൃഷിക്ക് ആവശ്യമായ ജലമെടുക്കുന്നതും ഇവിടെനിന്നാണ്. ചിറയുടെ വടക്ക് ഭാഗത്ത് കിഴക്ക് പടിഞ്ഞാറായി നടപ്പാത, ബണ്ട്, കിഴക്ക് ഭാഗത്ത് വശങ്ങൾ മോടി കൂട്ടാനായി തെക്കും വടക്കും കടവുകൾ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പാവുമ്പ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇവിടെ മാലിന്യ നിക്ഷേപവും തകൃതിയാണ്. നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. പദ്ധതി യാഥാർത്ഥ്യമായാൽ വള്ളികുന്നത്തെ രണ്ടാമത്തെ ടൂറിസം കേന്ദ്രമാകും രാമൻചിറ.
""
പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ജലസേചന വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
എം.എസ്. അരുൺകുമാർ എം.എൽ.എ
""കാലാവസ്ഥാ വ്യതിയാനവും കരാറുകാരന്റെ അനാസ്ഥയുമാണ് പദ്ധതി നീളാൻ കാരണം. വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
പി. കോമളൻ
ഗ്രാമപഞ്ചായത്തംഗം
""
ചിറയിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയണം. നവീകരണം ഉടൻ പൂർത്തിയാക്കി പുഞ്ചകൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യം ഒരുക്കണം.
പി. പ്രകാശ് ഇലഞ്ഞിക്കൽ
മുൻ ഗ്രാമ പഞ്ചായത്തംഗം