ആലപ്പുഴ: പരിചിതമല്ലാത്ത ഓൺലൈൻ ക്ലാസിൽ പഠിച്ച് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളെ വലച്ച് പ്ളസ് വൺ സുവോളജി ചോദ്യപേപ്പർ. ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും പാഠപുസ്കത്തിൽ ഇല്ലാത്തതുമായ ചോദ്യങ്ങളാണ് കുഴപ്പിച്ചത്.
ചോദ്യങ്ങളിലെ അക്ഷരത്തെറ്റ് പല ശാസ്ത്രനാമങ്ങൾ സംബന്ധിച്ചും കുട്ടികളിൽ സംശയത്തിനിടയാക്കി. ഇതോടെ സംശയനിവാരണം നടത്തി ഒരു മണിക്കൂറിനുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാനായില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. ആകെയുള്ള 30 ചോദ്യങ്ങളിൽ 11 എണ്ണവും ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഒന്നാമത്തെ ചോദ്യത്തിൽ ഹൃദയത്തിന്റെ ശബ്ദത്തെ 'ലബ്' എന്നതിന് പകരം 'ലാബ്' എന്ന് രേഖപ്പെടുത്തിയതിൽ തുടങ്ങുന്നു പിഴവുകൾ. ഹോർമോൺ അപര്യാപ്തതയുമായി ബന്ധപ്പെട്ട ഏഴാമെത്തെ ചോദ്യത്തിൽ ഇതുമായി ബന്ധമില്ലാത്ത രോഗാവസ്ഥകളെയാണ് ഓപ്ഷനായി നൽകിയിരിക്കുന്നത്. പാഠപുസ്തകത്തിൽ ഇല്ലാത്ത ചിത്രങ്ങളും ചോദ്യമായി വന്നു. പരിചിതമല്ലാത്ത ചിത്രങ്ങൾ കണ്ടത് കുട്ടികളിൽ ആശയക്കുഴപ്പം കൂട്ടിയതായി അദ്ധ്യാപകരും സമ്മതിക്കുന്നു.
ജീവികളുടെ പേരുകളും അക്ഷരത്തെറ്റോടെയാണ് ചോദ്യപേപ്പറിലുള്ളത്. ഇംഗ്ലീഷ്, മലയാളം ചോദ്യപേപ്പറുകളിൽ ചില ചോദ്യത്തിന് അർത്ഥവ്യത്യാസമുണ്ടെന്നും അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
""
പുതിയ വിഷയങ്ങൾ ഓൺലൈൻ ക്ലാസും പാഠപുസ്തകം വഴിയുമാണ് മനസിലാക്കിയത്. അക്ഷരത്തെറ്റുകൾ ആശയക്കുഴപ്പമുണ്ടാക്കി. അതിനാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ സാധിച്ചില്ല.
വിദ്യാർത്ഥികൾ
""
നന്നായി പഠിച്ച വിദ്യാർത്ഥികൾക്കും ചോദ്യങ്ങളിലെ പിഴവ് മൂലം ആശയക്കുഴപ്പമുണ്ടായി. സ്കീം ഫൈനലിസേഷൻ സമയത്ത് കുട്ടികളുടെ ഭാഗത്തു നിന്ന് ചിന്തിച്ചുകൊണ്ട് മാർക്കിടാൻ നിർദേശം നൽകണം. ഇത്തരം തെറ്റുകൾ ആവർത്തിക്കരുത്.
അദ്ധ്യാപകർ