road

# നദികളിൽ ജലനിരപ്പ് ഉയരുന്നു

ആലപ്പഴ: മഴ ശക്തമാവുകയും പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ കുട്ടനാട് വീണ്ടും വെള്ളത്തിലായി. കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തിപ്പെട്ടതോടെ രണ്ടാംകൃഷി ഇറക്കിയ നെൽ കർഷകരുടെ നെഞ്ചിടിപ്പും വർദ്ധിച്ചു.

ഒരാഴ്ചയായി പ്രധാന നദികളിലെല്ലാം ഒന്നര അടിയിലേറെ ജലനിരപ്പ് ഉയർന്നു. മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനവും കർഷകരുടെ ആശങ്ക ഉയർത്തുന്നു. രണ്ടാം കൃഷിയുടെ വിളവെടുപ്പും പുഞ്ചകൃഷിക്കുള്ള തയ്യാറെടുപ്പും നടന്നുവരുന്നതിനിടെയാണ് മഴ വില്ലനായത്.

പുറം ബണ്ട് ശക്തമല്ലാത്ത പല പാടശേഖരങ്ങളും മടവീഴ്ചാ ഭീഷണിയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി. പല വീടുകളിലും വെള്ളം കയറി. ജലനിരപ്പ് ഉയർന്നതോടെ ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണം തടസപ്പെട്ടു.

പുഞ്ച കൃഷി നിലംപൊത്തി

കുട്ടനാട്ടിൽ രണ്ടാം കൃഷി ഇറക്കിയ 8354.7ഹെക്ടർ ഒഴികെ മറ്റ് പാടശേഖരങ്ങളിൽ പുഞ്ചകൃഷിക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. പമ്പിംഗ് കഴിഞ്ഞ് ട്രില്ലർ അടിക്കുകയും ഇടവരമ്പ് പിടിക്കുന്ന ജോലികളും നടന്നുവരുന്നു. ചില പാടശേഖരങ്ങളിൽ വിതയും ആരംഭിച്ചു. നല്ലോരു തുക കർഷകർ ഇതിനോടകം ചെലവഴിച്ചു. മടവീഴ്ച ഉണ്ടായാൽ പുല്ലും പോളയും കയറിയാൽ വീണ്ടും തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന് നല്ലോരു തുക ചെലവഴിക്കേണ്ടിവരും.

വിളവെടുപ്പ് പാതിവഴിയിൽ

1. രണ്ടാം കൃഷി നെൽച്ചെടികൾ നിലം പൊത്തി

2. യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വിളവെടുപ്പിന് തടസം

3. ഒരാഴ്ചക്കുള്ളിൽ വിളവെടുക്കാനായത് 250 ഹെക്ടർ

4. തൊഴിലാളികളെ കിട്ടാത്തതിനാൽ കൊയ്ത്തും മുടങ്ങി

5. നിലംപൊത്തിയ നെല്ല് കിളിർത്തു തുടങ്ങി

കവിഞ്ഞൊഴുകി റോഡുകൾ

എ - സി റോഡിന്റെ നവീകരണ ജോലികൾ മുടങ്ങും വിധത്തിലാണ് എ - സി കനാലിൽ വേലിയേറ്റം. റോഡിന്റെ പലഭാഗങ്ങളിലും വെള്ളം കവിഞ്ഞൊഴുകുകയാണ്. പൈലിംഗ് ജോലികളും കാണ നിർമ്മാണവും മുടങ്ങി. ഒന്നാംകര, മങ്കൊമ്പ് ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. മുട്ടാർ, വീയപുരം, തലവടി പഞ്ചായത്ത് പ്രദേശങ്ങളിലെയും പമ്പാ നദി കടന്നുപോകുന്ന ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി.

ജലനിരപ്പ് ഉയരാൻ കാരണം

1. തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, തൃക്കുന്നപ്പുഴ ചീപ്പ് എന്നിവിടങ്ങളിലെ റെഗുലേറ്ററിംഗ് സംവിധാനം ഫലപ്രദമല്ല

2. തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകളിൽ ഉയർത്താൻ ക്രെയിന്റെ സഹായം വേണം

3. ഷട്ടറുകൾ ഉയർത്തുന്നതിനുള്ള വൈദ്യുതീകരണം പൂർണമായില്ല

4. തൃക്കുന്നപ്പുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ലോക്ക് ഗേജുകളും അടച്ചു

5. ആഴക്കുറവുള്ളതിനാൽ ലീഡിംഗ്ചാനൽ വഴിയുള്ള നീരൊഴുക്ക് മന്ദഗതിയിൽ

6. തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ കൃത്യമായി തുറക്കുകയും അടക്കുകയും ചെയ്യുന്നില്ല

കുട്ടനാട്ടിൽ കൃഷി

ആകെ കൃഷിഭൂമി: 30,000 ഹെക്ടർ

പുഞ്ച: 22,000

രണ്ടാം കൃഷി: 8354.7

വിളവെടുപ്പ് പൂർത്തീകരിച്ചത്: 250 ഹെക്ടർ

""

രണ്ടാം കൃഷിയുടെ വിളവെടുപ്പ് നടന്നുവരുന്നതേയുള്ളു. മഴയിൽ വിളവെടുക്കാറായ നെൽച്ചെടികൾ നിലംപൊത്തി. കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കാനാകുന്നില്ല.

കർഷകർ