ആലപ്പുഴ: ആലപ്പുഴ രൂപതയുടെ 70-ാം വാർഷികാഘോഷങ്ങൾ വിവിധ പരിപാടികളോടെ ഇന്ന് നടക്കും. രൂപത രൂപം കൊണ്ടത് 1952 ജൂൺ 19 നായിരുന്നെങ്കിലും പ്രവർത്തനക്ഷമമായത് 1952 ഒക്‌ടോബർ 11 നാണ്. രാവിലെ 7ന് ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലത്തിൽ കൃതജ്ഞതാ ബലിയർപ്പണം നടക്കും. തുടർന്ന് അമ്പലപ്പുഴയിൽ പുതുതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നടക്കും. വൈകിട്ട് 3ന് ആലപ്പുഴ കർമ്മസദനിൽ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കൊല്ലം രൂപതാദ്ധ്യക്ഷൻ ബിഷപ്പ് പോൾ മുല്ലശേരി മുഖ്യാതിഥിയാകും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 16 പേരെ ചടങ്ങിൽ ആദരിക്കും. വികാരി ജനറൽ മോൺസിഞ്ഞോർ ജോയി പുത്തൻവീട്ടിൽ സ്വാഗതവും രൂപതാ പാസ്‌റ്ററൽ കൗൺസിൽ സെക്രട്ടറി പി.ആർ. യേശുദാസ് നന്ദിയും പറയും.