ആലപ്പുഴ: യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പട്ടികജാതിക്കാരുടെ ക്ഷേമത്തിനും സാമൂഹിക പുരോഗതിക്കുമായി നടപ്പാക്കിയ ആനുകൂല്യങ്ങൾ ഇടത് സർക്കാർ കവർന്നെടുക്കുകയാണെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനും പുതുതായി ചുമതലയേറ്റ ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദിന് നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
യു.ഡി.എഫ് സർക്കാർ പട്ടികജാതിക്കാർക്ക് അയ്യായിരം വീടുകൾ നിർമ്മിച്ച് നൽകിയിരുന്നെങ്കിൽ ഇന്ന് ലൈഫിന്റെ പേരിൽ ഇതെല്ലാം അട്ടിമറിക്കുകയാണ്. പ്ലാൻ ഫണ്ടും മുപ്പത് ശതമാനം വെട്ടിക്കുറച്ചു. വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് അടക്കം എല്ലാ പദ്ധതികളും മുടങ്ങി. ഭവന പദ്ധതി ലൈഫിൽ നിന്ന് ഒഴിവാക്കി സ്വതന്ത്രമായി നടപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിധു രാഘവൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, കെ.പി.സി.സി സെക്രട്ടറി അഡ്വ. ഇ.സമീർ, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി. ശശി, ഷാബു ഗോപിനാഥ്, കറ്റാനം മനോഹരൻ, ബൈജു.സി. മാവേലിക്കര, സജി കുര്യാക്കോസ്, കമല വാസു, കെ. പുരുഷോത്തമൻ, വി.യ ശോധരൻ, പ്രതാപൻ, കാഞ്ചന കുഞ്ഞുകുഞ്ഞ്, രാധാകൃഷ്ണൻ, പി.ആർ. വിശ്വംഭരൻ, പ്രസന്നകുമാരി, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.