book
പ്ലസ്ടു വിദ്യാർത്ഥിനിയായ ഫാത്തിമ മുഹമ്മദ് നിസാമിന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: ശ്രീനാരായണഗുരുദേവൻ നവോത്ഥാനത്തിനു വേണ്ടി പോരാടുമ്പോൾ നടത്തിയ രചനകൾ സാമൂഹ്യമാറ്റത്തിന് ശക്തിപകരാൻ സഹായിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാമൂഹ്യ മാറ്റത്തിനും പെൺകുട്ടികളുടെ പുരോഗതിക്കും ഉന്നമനത്തിനും ഉതകുന്ന ശക്തമായ എഴുത്തിന്റെ വക്താക്കളാകാൻ എഴുത്തുകാർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കുട്ടംപേരൂർ പുത്തൻ ബംഗ്ലാവിൽ പ്രവാസിയായ നിസാം ഹസീന ദമ്പതികളുടെ മകളും പരുമല സിൻഡസ് മോസ് പബ്ലിക് സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയുമായ ഫാത്തിമ മുഹമ്മദ് നിസാമിന്റെ കവിതാ സമാഹാരമായ 'ആഷസ് ടു ഫയറി'ന്റെ മാന്നാർ യുഐടി കോളേജ് ഹാളിൽ നടന്ന പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രി സിൻഡസ്മോസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ദീപ്തി നായർക്ക് കവിതാ സമാഹാരം നൽകി പ്രകാശനം ചെയ്തു. യുഐടി പ്രിൻസിപ്പൽ ഡോ. വി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരി ഷിഫാന പി.എ കവിതാ സമാഹാരം പരിചയപ്പെടുത്തി.
കവിയും മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാർഡ് ജേതാവുമായ ഒ.എസ് ഉണ്ണിക്കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ് അമ്പിളി, ഏ.ആർ സ്മാരക സമിതി ചെയർമാൻ പ്രൊഫ. പി. ഡി ശശിധരൻ,
ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ആർ ശിവപ്രസാദ്‌, ശാന്തിനി എസ്, ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ കരിം, മുൻ ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് അജിത്, എ.കെ നിസാം, കുമാരി ഫാത്വിമ മുഹമ്മദ് നിസാം എന്നിവർ സംസാരി​ച്ചു.