ambala
പ്രൊഫ. അമ്പലപ്പുഴ വിജയൻ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം എച്ച്. സലാം എം .എൽ. എ നിർവഹിക്കുന്നു

അമ്പലപ്പുഴ: സംഗീതജ്ഞൻ പ്രൊഫ. അമ്പലപ്പുഴ വിജയൻ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഫൗണ്ടേഷന്റെ പ്രഥമ കലാ വൈഭവ് പുരസ്കാരം ചിത്രകാരനും ശില്പിയുമായ വർണം ഗോപാൽജി നടനും സംവിധായകനുമായ മധുപാലിൽ നിന്ന് ഏറ്റുവാങ്ങി. അമ്പലപ്പുഴ ടൗൺ ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ എസ്. രാജപ്പൻ അദ്ധ്യക്ഷനായി. വയലിനിസ്റ്റ് ജയരാജ് കുമരകം നയിച്ച സംഗീതാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ശുഭ രഘുനാഥ് സ്മരണാഞ്ജലി അർപ്പിച്ചു. ശുഭ രഘുനാഥിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷും ഏഴര മണിക്കൂറിൽ 893 പേർക്ക് കൊവിഡ് വാക്സിനേഷൻ നൽകിയ സിസ്റ്റർ പുഷ്പലതയെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിതയും അനുമോദിച്ചു. സംഗീതജ്ഞൻ പഴകുളം റോജോയും ശുഭാ രഘുനാഥും നയിച്ച ഫ്യൂഷൻ സംഗീതവും തുടർന്ന് പുന്നപ്ര ജ്യോതികുമാറും മധു പുന്നപ്രയും നയിച്ച നാടൻ പാട്ടും കെ.ടി. ബേബി ചമ്പക്കുളവും സംഘത്തിന്റെ വഞ്ചിപ്പാട്ടും അരങ്ങേറി. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ഷിബു ജയരാജ്, എ.എസ്. സുദർശനൻ, ആർ. ജയരാജ്, പി.എം. ദീപ, മനോജ്, സി.ജെ. ജോസ്, സലാം അമ്പലപ്പുഴ, മുജീബ് റഹ്മാൻ, എ.ആർ. കണ്ണൻ, എ. രമണൻ, സുഭാഷ് ബാബു, എച്ച്.സുബൈർ, മോഹൻദാസ്, വാസു.സി. കൊല്ലശേരി, ബി. സജീവ് എന്നിവർ പങ്കെടുത്തു. ഫൗണ്ടേഷൻ ജനറൽ കൺവീനർ ജി. വേണു ലാൽ സ്വാഗതം പറഞ്ഞു.