മാവേലിക്കര: ഡീസലിന് സംസ്ഥാനത്ത് ലിറ്ററിന് നൂറു രൂപ കടന്നത് ജനദ്രോഹ നടപടി മാത്രമല്ല സാമ്പത്തിക രംഗത്തെത്തന്നെ കടപുഴക്കുന്ന ആസൂത്രിത കൊള്ളയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ആഗോള വിപണിയിൽ വില കുറഞ്ഞാലും പ്രാദേശിക വിപണിയിൽ നികുതികൾ കുറക്കാതെ ജനങ്ങളെ പിഴിയുന്ന സമീപനമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുടരുന്നത്. സംസ്ഥാന സർക്കാരും ഈ പിടിച്ചുപറിക്ക് കൂട്ടുനിൽക്കുകയാണ്. ഡീസൽ വില വർദ്ധന പാവപ്പെട്ട ഓട്ടോ ടാക്സി തൊഴിലാളികളുടെ അതിജീവനത്തെയും കർഷക ചരക്ക് മേഖലയിലെയും ചില്ലറ വില്പന മേഖലയിലെ വിലക്കയറ്റത്തിനും കാരണമാവും. അതിശക്തമായ ജനകീയ പ്രതിഷേധം കൊണ്ട് മാത്രമേ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഈ പകൽക്കൊള്ളയ്ക്ക്‌ അറുതിവരൂവെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.