a
രതീഷ് കുമാർ റ്റി.ആർ

മാവേലിക്കര: ടി.വി നന്നാക്കാനെന്ന ഭാവേന വീട്ടിൽ എത്തി വൃദ്ധന്റെ 2 പവൻ സ്വർണ മാല പൊട്ടിച്ചു കടന്ന മോഷ്ടാവിനെ മാവേലിക്കര പൊലീസ് പിടികൂടി. ചെറിയനാട് ചെറുവല്ലൂർ തെക്കേവീട്ടിൽ രതീഷ് കുമാർടി​.ആറി​ (42) നെയാണ് ഇന്നലെ വൈകിട്ട് 6.30ഓടെ കൊച്ചാലുംമൂട് ഭാഗത്ത് വച്ച് മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 21 നാണ് കല്ലിമേൽ മലയിൽ ബംഗ്ലാവ് പാച്ചച്ചന്റെ (90) മാല പൊട്ടിച്ചത്. മാവേലിക്കര സി.ഐ സി.ശ്രീജിത്ത് നടത്തിയ അന്വേഷണത്തിൽ പ്രതി മോഷണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസം ചെങ്ങന്നൂരിൽ മാല പണയം വയ്ക്കുകയും തൊട്ടടുത്ത ദിവസം ഇത് തിരികെയെടുത്ത് സമീപത്തുള്ള ജ്വല്ലറിയിൽ വിൽപ്പന നടത്തുകയും ചെയ്തതായി കണ്ടെത്തി. ഇയാൾ വന്ന സ്കൂട്ടറും വിൽപന നടത്തിയ സ്വർണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സി.ഐയോടൊപ്പം സീനിയർ സി.പി.ഒ സിനു വർഗീസ്, ഉണ്ണികൃഷ്ണ പിള്ള.ജി, സി.പി.ഒമാരായ മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, ഗിരീഷ് ലാൽ വി.വി, ഗോപകുമാർ.ജി, ജവഹർ.എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.