ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായ വേലിയേറ്റം മൂലവും പുഞ്ചകൃഷിക്കായി ഒരുക്കിയ ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ പെരുമാനിക്കരി വടക്കേ തൊള്ളായിരം പാടത്ത് ഇന്നലെ രാവിലെ മടവീണു. ഇതോടെ പാടത്തിന്റെ പുറം ചിറയിലും ഉള്ളിലുമായുള്ള മുന്നറ്റൻപതോളം കുടുംബങ്ങൾ ദുരിതത്തിലായി. ജലനിരപ്പ് ഉയർന്നതോടെ വേഴപ്ര ഇല്ലിമുറി തെക്കേ തൊള്ളായിരം പാടശേഖരത്തിലെ പുറംബണ്ടിലുള്ള മുന്നൂറ്റിൻചിറ പട്ടികജാതി കോളനിയിലും മങ്കൊമ്പ് അറുപതിൽ ചിറ കോളനിയിലും വെള്ളം കയറി. വികാസ് മാർഗ് റോഡിൽ മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം മുതൽ പൊട്ടുമുപ്പത് പാലം വരെയുള്ള ഭാഗം യാത്ര അസാദ്ധ്യമാകുന്ന വിധത്തിൽ മുങ്ങി. നവരാത്രി ആഘോഷം നടക്കുന്ന മങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലും പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും വെള്ളം കയറി.