മാവേലിക്കര: 5 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പുരോഗമിക്കുന്ന മാവേലിക്കര ഗവ.ഗേൾസ് എച്ച്.എസ്.എസിന്റെ പുതിയ കെട്ടിട സമുച്ചയത്തിലെ രണ്ടു നിലകളും അവയിലെ ടോയ്‌ലറ്റ് ബ്ലോക്കും 28ന് മുമ്പ് പൂർത്തീകരിക്കുമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. താഴത്തെ നിലയും ഒന്നാം നിലയുമാണ് ഉടൻ പൂർത്തീകരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നിയമസഭാ സമുച്ചയത്തിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം.
വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കൈറ്റ്, വാപ്കോസ് പ്രതിനിധികളും കരാറുകാരനും സ്‌കൂൾ പ്രഥമാദ്ധ്യാപകനും എച്ച്.എസ്.എസ് വിഭാഗം പ്രിൻസിപ്പലിന്റെ പ്രതിനിധിയും പങ്കെടുത്തു. നിർമാണം പൂർത്തീകരിക്കണമെന്ന് അഭ്യർത്ഥിച്ച് എം.എൽ.എ മന്ത്രിക്ക് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അടിയന്തര യോഗം. ഡിസംബറോടെ എല്ലാ നിലകളുടെയും നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാനും തീരുമാനമായെന്നും എം.എൽ.എ അറിയിച്ചു.